
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ ഒരാളാണ് തമന്ന. നടൻ വിജയ് വർമ്മയുമായുള്ള തമന്നയുടെ പ്രണയബന്ധം മുൻപ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ, പ്രണയം തകർന്നതിനെക്കുറിച്ചും അതിനുശേഷം താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് വിജയ് വർമ്മ.
തന്റെ ജീവിതവും വ്യക്തിപരമായ തീരുമാനങ്ങളും അതിസൂക്ഷ്മമായി ചർച്ച ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്തുവെന്ന് വിജയ് വർമ്മ പറയുന്നു. “അതിൽ നിന്നൊരു മോചനം എനിക്ക് ആവശ്യമായിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണം. ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുനിൽക്കണമായിരുന്നു,” അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇതൊന്നും തന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ലെന്നും വിജയ് വർമ്മ കൂട്ടിച്ചേർത്തു. “എന്റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചർച്ചയാകുകയും ചെയ്തു. എല്ലാ ദിവസവും ഞാൻ വാർത്തകളിൽ നിറഞ്ഞുനിന്നു. ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പ്രണയം പരസ്യപ്പെടുത്തിയാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്,” വിജയ് വർമ്മ വ്യക്തമാക്കി.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ മാർച്ചിലായിരുന്നു വിജയ് വർമ്മയും തമന്നയും വേർപിരിയാനുള്ള തീരുമാനം എടുത്തത്. ഈ വർഷം വിവാഹത്തിലേക്ക് എത്തുമെന്ന് പലരും കരുതിയിരുന്ന ഒരു ദീർഘകാല ബന്ധമാണ് ഇതോടെ അവസാനിച്ചത്. പ്രണയ ജീവിതം അവസാനിച്ചെങ്കിലും ഇരുവരും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് തീരുമാനിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.











