വിധിയിൽ തളരരുത്; അതിജീവിതയ്ക്ക് ശക്തമായ പിന്തുണയുമായി പാർവതി തിരുവോത്ത്: “നമ്മൾ എല്ലാവരും അവളോടൊപ്പമുണ്ട്”

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ അതിജീവിതയ്ക്ക് പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി പാർവതി തിരുവോത്ത് രംഗത്ത്. കേസിന്റെ വിധി പൊതുസമൂഹത്തിലും സിനിമാരംഗത്തും വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് അതിജീവിതയ്ക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് പാർവതിയുടെ പ്രതികരണം.

കോടതി വിധിയിൽ തങ്ങൾക്ക് ഞെട്ടലുണ്ടെന്നും, അതിൽ തളരരുതെന്നും ആവശ്യപ്പെട്ട് തനിക്ക് സന്ദേശങ്ങൾ അയച്ച സാധാരണക്കാരായ സ്ത്രീകൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് പാർവതി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചത്.

“ഈ വിധി നിങ്ങളെ എത്രമാത്രം ബാധിച്ചു എന്ന് തുറന്നു പറയാൻ സമയം കണ്ടെത്തിയതിന് ഒരുപാട് നന്ദിയുണ്ട്. ഇത് നമ്മൾ ഓരോരുത്തരെയും ബാധിക്കുന്ന വിഷയമാണ്,” പാർവതി കുറിച്ചു.

പൊതുജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണയുടെ സന്ദേശങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കൂട്ടിച്ചേർത്തു: “നിങ്ങളുടെയെല്ലാം പിന്തുണയും കൂട്ടായ്മയും അവൾ അറിയുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ട പെൺകുട്ടി ഒറ്റക്കല്ല, നമ്മൾ എല്ലാവരും അവളോടൊപ്പമുണ്ട്.”

നീതി വൈകില്ലെന്നും, നിയമത്തിന്റെ വഴിയിൽ പോരാടണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളാണ് പാർവതി പങ്കുവെച്ചത്. ഈ വിഷയത്തെ കണ്ണടച്ച് തള്ളിക്കളയാത്ത, സത്യത്തിൽ വിശ്വസിക്കുന്ന സാധാരണക്കാരായ ആളുകൾ അതിജീവിതയ്ക്ക് ഒപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കാനാണ് താൻ ഈ സന്ദേശങ്ങൾ പങ്കുവെക്കുന്നതെന്നും പാർവതി വ്യക്തമാക്കി. വിധിയിൽ പ്രതിഷേധിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ‘ഫെഫ്ക’യിൽ നിന്നും രാജി വെച്ചതിന് പിന്നാലെയാണ് പാർവതിയുടെ ശക്തമായ പ്രതികരണവും വന്നിരിക്കുന്നത്.