പാരഡി പാട്ടിന് പ്രതിഫലം കിട്ടിയില്ല: മുന്നറിയിപ്പുമായി ഗായകൻ അൻവർ, പുതിയ പാട്ടിറക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് പാരഡി ഗാനങ്ങൾ ഉണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചില്ലെന്ന് ഗായകൻ അൻവർ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പണം കിട്ടാത്തതിലുള്ള പ്രതിഷേധമറിയിച്ചുകൊണ്ട്, ലഭിക്കാനുള്ള പണം ആവശ്യപ്പെട്ട് അദ്ദേഹം ഇപ്പോൾ മറ്റൊരു പാരഡി ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

ആദ്യത്തെ നാല് വരി മാത്രമാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്. ഇനിയും പണം ലഭിച്ചില്ലെങ്കിൽ, പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള മുഴുവൻ പാട്ടും പുറത്തിറക്കുമെന്ന് അൻവർ മുന്നറിയിപ്പ് നൽകി.

“തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. കുറേ പേർ പണം തന്നു, എന്നാൽ കുറേ പേർ പറ്റിച്ചു. പാട്ട് ചെയ്തിട്ടും പണം തരാത്തവരുണ്ടെന്ന് പോസ്റ്റിട്ടപ്പോൾ അവരുടെ വിവരം വെളിപ്പെടുത്തണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു,” അൻവർ പറഞ്ഞു.

പണം നൽകാത്തവരുടെ പേര് വെളിപ്പെടുത്തി ഒരു പാട്ട് ചെയ്താലോ എന്ന് ഒരു സുഹൃത്ത് ചോദിച്ച ആശയമാണ് തനിക്ക് ഇഷ്ടമായതെന്നും, അങ്ങനെയാണ് പുതിയ പാരഡി ഗാനം പിറന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ നാല് വരി ഇപ്പോൾ പുറത്തുവിടും. ഈ വീഡിയോ കണ്ടിട്ടും പണം തന്നില്ലെങ്കിൽ, മുഴുവൻ പാട്ടും പണം തരാത്തവരുടെ ചിത്രങ്ങൾ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതൊരു തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും, ഉറക്കമൊഴിച്ച് കഷ്ടപ്പെട്ട് ജോലി ചെയ്ത തനിക്ക് പണം തരാനുള്ളവർ എത്രയും വേഗം തുക കൈമാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.