
ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നടി അനുപമ പരമേശ്വരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. താരം വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോളിങ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതാണ് ഇതിന് കാരണം.
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനുപമ വോട്ട് രേഖപ്പെടുത്താനായി സ്കൂളിലെത്തിയത്. തിരക്കില്ലാത്ത സമയത്താണ് താരം എത്തിയത്. വോട്ടർ പട്ടികയിൽ അനുപമയുടെ പേര് പോളിങ് ഓഫിസർ ഉറക്കെ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കാണാം.
വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടി പുറത്തിറങ്ങിയ അനുപമ, തട്ടിക്കിളിച്ച് ഓടിയെത്തിയ ഒരു പെൺകുട്ടിയെ “ഇതെൻ്റെ ക്ലാസ്‌മേറ്റ് ആണ്” എന്ന് പറഞ്ഞ് മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. നാട്ടുകാരുമായും പരിചയക്കാരുമായും വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണ് താരം മടങ്ങിയത്.
‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ നടിയാണ് അനുപമ പരമേശ്വരൻ. നിലവിൽ ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം, ഫെബ്രുവരിയിൽ ഒരു മലയാള സിനിമയിൽ അഭിനയിക്കുമെന്നും അറിയിച്ചു.











