
ഡബ്ബിംഗ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി, തനിക്കെതിരെ നടക്കുന്ന വ്യാജവാർത്താ പ്രചാരണങ്ങളിൽ രൂക്ഷമായി പ്രതികരിച്ചു. ഒരു ഓൺലൈൻ മീഡിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സിനിമകൾക്കെതിരെ താൻ പ്രതികരിച്ചു എന്ന തരത്തിലുള്ള വാർത്തയാണ് പ്രചരിച്ചത്. “ദിലീപിന്റെ ഒരു സിനിമ പോലും വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല” എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്ത പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ഭാഗ്യലക്ഷ്മി തൻ്റെ ശക്തമായ നിലപാട് അറിയിച്ചു. “ഞാൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടില്ല, അങ്ങനെയൊരു പോസ്റ്റിടാൻ മാത്രം ഞാൻ മണ്ടിയല്ല. ഞാനും സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. സിനിമ എന്നത് ഒരാളുടെ മാത്രം സ്വകാര്യ സ്വത്തല്ല, അതിൽ നൂറിലധികം ആളുകൾ ജോലി ചെയ്തിട്ടുണ്ട്. ആ സിനിമ ഫ്ലോപ്പ് ആവണമെന്ന് ഞാൻ ഒരിക്കലും പറയില്ല,” അവർ വ്യക്തമാക്കി.
താൻ ഒരു സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തൻ്റെ വ്യക്തിപരമായ കാര്യമാണ്. റീച്ച് കിട്ടാൻ വേണ്ടി എൻ്റെ പേരും ചിത്രവും വെച്ച് പി.ആർ. വർക്ക് നടത്തരുത്. തനിക്ക് എന്തെങ്കിലും പൊതുജനത്തോട് പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയാനുള്ള ധൈര്യമുണ്ട്. ഈ പോസ്റ്റ് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഭാഗ്യലക്ഷ്മി മുന്നറിയിപ്പ് നൽകി.
അടുത്തിടെ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് ശേഷം, ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഭാഗ്യലക്ഷ്മി ശക്തമായി പ്രതികരിച്ചിരുന്നു. ഈ പ്രതികരണങ്ങൾക്കിടയിലാണ് പുതിയ വ്യാജവാർത്ത പ്രചരിക്കുന്നത്.











