“ഹൃദയഭാരം തോന്നുന്നു, തളരരുത് പ്രിയ ലാൽ”; ലാലിനെ ആശ്വസിപ്പിച്ച് മമ്മൂട്ടിയുടെ കുറിപ്പ്

കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ലഘു കുറിപ്പിലാണ് മമ്മൂട്ടി തന്റെ സങ്കടം പങ്കുവെച്ചത്. മോഹൻലാലും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

“നമുക്കെല്ലാവർക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗത്തിന്റെ വേളയിൽ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാൽ”– മമ്മൂട്ടി കുറിച്ചു.

മരണവാർത്തയറിഞ്ഞ ഉടൻ തന്നെ മമ്മൂട്ടി കൊച്ചി എളമക്കരയിലെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചിരുന്നു. സഹോദരതുല്യനായ സുഹൃത്തിന്റെ വലിയൊരു നഷ്ടത്തിൽ തണലായി മമ്മൂട്ടി ഒപ്പമുണ്ടായിരുന്നു.

90 വയസ്സായിരുന്നു ശാന്തകുമാരിക്ക്. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അവർ ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. വൈകിട്ട് മുടവൻമുകളിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുന്നത്. അമ്മയെക്കുറിച്ച് പല വേദികളിലും അതിവൈകാരികമായി സംസാരിച്ചിട്ടുള്ള മോഹൻലാലിന് ഈ വിയോഗം വലിയൊരു ആഘാതമാണ്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ ദിനത്തിൽ ലാൽ തന്റെ വീട്ടിൽ സംഗീതാർച്ചന നടത്തിയതും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.