K S ചിത്രയ്ക്കൊപ്പം റിമി ടോമി; ‘മാജിക് മഷ്റൂം’ സിനിമയിലെ പാട്ട് നാളെ എത്തും

‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസ് ഈ മാസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിൽ താനും കെ.എസ് ചിത്രയും ഒരുമിച്ച് പാടുന്ന ഗാനം പുറത്തിറങ്ങാൻ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി.

മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുന്ന ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 11.11നാണ് പുറത്തിറങ്ങുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. എനിക്ക് വലിയ സന്തോഷമുള്ളൊരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് പാട്ടിറങ്ങുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.

‘ചിത്ര ചേച്ചിക്കൊപ്പം ഞാൻ ഒരു പാട്ട് പാടിയിരിക്കുകയാണ്. ചിത്ര ചേച്ചിയോടൊപ്പം പാടാൻ കഴിയുന്നത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു. നാദിർഷിക്കയുടെ ‘മാജിക് മഷ്റൂംസ്’ സിനിമയിലേതാണ് ഗാനം. നാദിർഷിക്കയുടെ കൂടെ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ൽ ‘കണ്ടില്ലേ കർപ്പൂരപന്തലില്’ എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിക്കൊപ്പം ആലപിച്ചിരുന്നത് ഏവരും ഏറ്റെടുത്തിരുന്നു. ഈ ഗാനവും എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രാർത്ഥന. ഏവരുടേയും പിന്തുണയും അനുഗ്രഹവും വേണം’, എന്നാണ് റിമി ടോമി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.