
മലയാള സിനിമയിലെ പ്രമുഖ നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ് ഇദ്ദേഹം. സഹോദരന്റെ വിയോഗവാർത്ത മേജർ രവി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
രണ്ടര പതിറ്റാണ്ടോളമായി മലയാള സിനിമാ മേഖലയിൽ സജീവമായിരുന്ന കണ്ണൻ, അഭിനയത്തിലും നിർമ്മാണ നിർവ്വഹണത്തിലും ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു. ‘കീർത്തിചക്ര’, ‘പുലിമുരുകൻ’, ‘ഒടിയൻ’, ’12th മാൻ’ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഷാജി കൈലാസ്, സന്തോഷ് ശിവൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശിയായ അദ്ദേഹം നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സിനിമാ ചിത്രീകരണം പൂർത്തിയായ ‘റേച്ചൽ’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് നാല് മണിയോടെ പട്ടാമ്പിയിലെ സ്വവസതിയിൽ സംസ്കരിക്കും. ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.











