മോഹൻലാൽ KSRTC ഗുഡ് വിൽ അംബാസിഡർ; കാശ് വാങ്ങാതെ അഭിനയിക്കും

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം കഴിഞ്ഞ തിങ്കളാഴ്ച 13.01 കോടി രൂപ എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിയതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ.

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി എത്തുമെന്നാണ് ​ഗണേഷ് കുമാർ അറിയിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നതെന്നും മന്ത്രി ഉറപ്പുനൽകി. ഇതോടെ ലാലേട്ടനെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ വൻകിട പരസ്യപ്രചാരണങ്ങൾ നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

കെഎസ്ആർടിസിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായി 2025-ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. ഓർമകളിലേക്കുള്ള യാത്രകൾക്കായി സജ്ജമാക്കിയ ‘ഓർമ എക്‌സ്പ്രസ്’ എന്ന ബസിൽ അദ്ദേഹം യാത്ര ചെയ്യുകയും കേരളത്തിലെ ഗതാഗത സംവിധാനത്തിലുണ്ടായ മാറ്റങ്ങളെയും മന്ത്രി ഗണേഷ് കുമാറിനെയും പ്രശംസിക്കുകയും ചെയ്തിരുന്നു. മോഹൻലാലിനെ കൂടാതെ, പ്രിയദർശൻ, മണിയൻ പിള്ള രാജു, നന്ദു, ഹരി പത്തനാപുരം എന്നിവരും ഓർമ എക്‌സ്പ്രസിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിനോടൊപ്പം അന്ന് സഞ്ചരിച്ചിരുന്നു.