യഷിന്റെ ‘ടോക്സിക്’ ടീസറിലുള്ളത് ഞാനാണ്; വെളിപ്പെടുത്തി നടി നതാലി ബേൺ

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: ദ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്’ എന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങിയതിന് പിന്നാലെ യാഷിനൊപ്പം ടീസറിലെത്തിയ നടിയാരാണെന്ന് തിരയുകയായിരുന്നു ആരാധകർ. യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രായ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് ടീസറിലാണ് ബോൾഡ് രംഗങ്ങളിൽ ഒരു നടി കൂടിയുള്ളത്. ഇത് ആരാണെന്ന തിരച്ചിൽ അവസാനിച്ചിരിക്കുകയാണ്. യുക്രേനിയൻ അമേരിക്കൻ നടിയായ നതാലി ബേൺ ആണ് ടീസറിലുള്ളത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ഗ്ലിംപ്സ് ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്. നതാലിയെ ആരാധകർ തിരയുന്നതിന്റെ ഗൂഗിൾ സെർച്ച് ലിസ്റ്റും നടി സ്റ്റോറിയാക്കിയിരുന്നു. ഇതോടെ ബോൾഡ് രംഗങ്ങളിലുള്ള നടി നതാലി ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ടീസറിൽ ശ്മശാനത്തിൽ നടക്കുന്ന സംഘർഷഭരിതമായ ശവസംസ്കാര രംഗത്തിനിടയിലേക്ക് മാസ് എന്‍ട്രി നടത്തുന്ന യഷിനെ കാണാൻ കഴിയുക. ഈ എൻട്രിക്ക് മുന്‍പായാണ് കാറിനകത്തുള്ള ബോൾഡ് രംഗങ്ങളിൽ നതാലി പ്രത്യക്ഷപ്പെടുന്നത്. യാഷിനൊപ്പം ബോൾഡായി എത്തിയ നടി ആരാണെന്നായി ആരാധകരുടെ അന്വേഷണം.

2006 മുതൽ സിനിമ രംഗത്ത് സജീവമായ നടിയാണ് നതാലി ബേൺ. മോഡലിങ്ങിലൂടെയാണ് നടി ഹോളിവുഡിലെത്തിയത്. മോഡലിങിനൊപ്പം പ്രൊഫഷണൽ ബാലെറ്റ് നർത്തകിയുമാണ് നതാലി. ഒപ്പം ആയോധനകലയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

‘ദ എക്സ്പൻഡബിൾ 3’, ‘ദ കംബാക്ക് ട്രെയില്‍’, ‘ടിൽ ഡെത്ത് ഡു അസ് പാർട്ട്’, ‘ദ ലാസ്റ്റ് റിഡംപ്ഷൻ’ എന്നീ സിനിമകളിലെല്ലാം നതാലി അഭിനയിച്ചിട്ടുണ്ട്. നിരവധി ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നതാലി ടോക്സിക് കാസ്റ്റിന് പറ്റിയ താരമാണെന്നാണ് ആരാധകർ പറയുന്നത്. നതാലിയുടെ ഇന്ത്യൻ അരങ്ങേറ്റ ചിത്രമാണ് ടോക്സിക്ക്.