‘ടോക്സിക്’ ടീസർ വിവാദം; ഗീതുവിനെ പിന്തുണച്ച് റിമയും ദിവ്യപ്രഭയും

യാഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസറിന് നേരെയുള്ള വിമർശനങ്ങളിൽ സംവിധായിക ഗീതു മോഹൻദാസിന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ ‘അശ്ലീലം’ എന്ന് വിളിച്ചു അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്. നടി ദിവ്യപ്രഭയും ഇതേ കുറിപ്പ് പങ്കുവച്ച് ഗീതുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം 2016-ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയിൽ വെച്ച് രൂക്ഷമായി വിമർശിച്ചിരുന്നു. അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ, “സേ ഇറ്റ്, സേ ഇറ്റ് ” എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗീതു മോഹൻ മുൻപന്തിയിലുണ്ടായിരുന്നു. ഈ സംഭവം അന്ന് നിതിനും സിനിമയ്ക്കും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കു കാരണമായി മാറിയിരുന്നു. ഇപ്പോൾ ഗീതുവിനെ പരോക്ഷമായി വിമർശിച്ച് നിതിനും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിട്ടുണ്ട്.