
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കിന്റെ ടീസർ ഇറങ്ങിയതിനു പിന്നാലെ പ്രേക്ഷകർ തിരഞ്ഞത് ടീസറിൽ യാഷിന്റെ മാസ് ഇൻട്രോയ്ക്ക് കളമൊരുക്കുന്ന നീണ്ട മുടിയുള്ള മെലിഞ്ഞ നടനെ ആയിരുന്നു.
ഒടുവിൽ പ്രേക്ഷകർ ആ നടനെ കണ്ടെത്തി. ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന ദുൽഖർ സൽമാൻ സണ്ണി വെയ്ൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ സുർജിത്ത് ആണ് ടോക്സിക് ടീസറിലെ ആ മലയാളി താരം. സ്റ്റൈലിഷ് മേക്കോവറിൽ മുഴുക്കുടിയനായി സെമിത്തേരിയിൽ പ്രത്യക്ഷപ്പെടുന്ന സുർജിത്ത് പ്രകടനത്തിലൂടെ കയ്യടി നേടുന്നുണ്ട്.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് തൃശൂർ സ്വദേശിയായ സുർജിത്തിനെ മുഖ്യധാരാ സിനിമാ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. എന്നാൽ പക്ഷെ 1986ൽ അന്തരിച്ച പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിലൂടെയാണ് സുർജിത്ത് സിനിമയിലെത്തുന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറം ഇയ്യോബിന്റെ പുസ്തകം, ചാർലി, പാവാട, ഗോഡ്‌സേ, സവാരി, ബിരിയാണി, മിന്നൽ മുരളി, തുടങ്ങിയ സിനിമകളിലെ സുർജിത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ അതിഥി താരമായും എത്തിയിരുന്നു.
അതുപോലെ തന്നെ ഒരു തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണ് സുർജിത്. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധേയമായ പല നാടകങ്ങളിലും സുർജിത്ത് അഭിനയിച്ചിട്ടുണ്ട്.











