ജീൻസും ഷർട്ടും കൂളിങ് ഗ്ലാസും; ഓസ്‌ട്രേലിയയിൽ നിൽക്കുന്ന കാവ്യാ മാധവൻ

കാവ്യ മാധവൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സഹോദരൻ മിഥുൻ മാധവന്റെ കുട്ടികൾക്കും കാവ്യയുടെ മകൾ മഹാലക്ഷ്മിക്കുമൊപ്പം എടുത്ത ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങളാണ് കാവ്യ മാധവൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കൂടാതെ ജീൻസും ഷർട്ടും കൂളിങ് ഗ്ലാസുമായി മറ്റൊരു സ്റ്റൈലിഷ് ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

ചെന്നൈയിൽ പഠിക്കുന്ന മഹാലക്ഷ്മിക്കു സ്കൂൾ അവധിയായതിനാൽ കാവ്യ ഇപ്പോൾ ചേട്ടൻ മിഥുനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ്. മിഥുനും ഭാര്യ റിയയും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. അവധി ദിനം ആഘോഷിക്കാൻ കാവ്യ പലപ്പോഴും ഓസ്ട്രേലിയയിൽ എത്താറുണ്ട്. 2014 ലായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനിയാണ് റിയ.

അതേസമയം അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ കുറേകാലമായി സജീവമാണ്. ഇടയ്ക്കിടയ്ക്ക് തന്റെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും നടി പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന്റെ ചിത്രങ്ങൾ പങ്കു വെയ്ക്കുമ്പോൾ കാവ്യാ സിനിമയിലേക്ക് തിരിച്ചു വരണമെന്ന കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. 2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. പിന്നീട് കാവ്യാ മകളെ പരിചരിച്ച് വീട്ടിൽ തന്നെ കഴിഞ്ഞു. ഒപ്പം തന്റെ സ്വന്തം വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ പ്രവർത്തനങ്ങളും നോക്കി നടത്തുകയാണ് കാവ്യാ.