ഡെലുലുവിന്റെ ചുരിദാറിട്ട് റിയ ഷിബു; കലോത്സവ വേദിയിൽ തിളങ്ങി താരം

തൃശൂരിലെ സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ ‘സർവം മായ’ ലുക്കിലെത്തി അത്ഭുതപ്പെടുത്തുകയാണ് നടി റിയ ഷിബു. ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥിയായാണ് റിയ എത്തിയത്.

സിനിമയിൽ ഡെലുലു ധരിച്ച ലാവണ്ടർ നിറത്തിലുള്ള ചുരിദാറിട്ടാണ് കലോത്സവവേദിയിലേക്ക് റിയ എത്തിയത്. നിവിൻ പോളിയുടെ പ്രഭേന്ദുവിനൊപ്പം ‘പുതുമഴ’ എന്ന പാട്ടില്‍ ഈ വേഷത്തിൽ ഡെലുലു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നീലയിൽ ലാവണ്ടർ പൂക്കളുള്ള ഈ ചുരിദാർ ധരിച്ച സിനിമയുടെ പോസ്റ്ററും വൈറലായിരുന്നു. ഒരിക്കൽ ഇട്ട വേഷം അടുത്ത പരിപാടിക്ക് ഇടാൻ മടിക്കുന്ന നടിമാരുള്ള ഈ കാലത്ത് റിയ സിനിമയിൽ ഇട്ട വേഷത്തിൽ ഇത്ര വലിയ പൊതുവേദിയിൽ വന്നു നിന്നപ്പോൾ ആരാധകരും കൈയ്യടിക്കുന്നു.

ഉദ്ഘാടന വേദിയിൽ റിയ നടത്തിയ പ്രസംഗവും ശ്രദ്ധേയമായിരുന്നു. കലോത്സവങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടായെങ്കിലും തനിക്ക് തന്നെ തന്നെ വിശ്വാസമില്ലാതിരുന്നതിനാൽ അതിന് സാധിച്ചിരുന്നില്ലെന്ന് റിയ വേദിയിൽ വെച്ച് പറഞ്ഞു. ഇവിടെ നിങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ എല്ലാവരും വിജയിച്ചിരിക്കുകയാണ്. കാരണം നിങ്ങൾ നിങ്ങളുടെ കഴിവിനെ വിശ്വസിക്കുന്നുണ്ട്. അതാണ് എല്ലാ ബഹുമതികൾക്കും മുകളിലുള്ളത്. കല ഹൃദയത്തിനുള്ളിൽ നിന്നു വരുന്നതാണ്. അത് ഒരു വികാരമാണ്.

സർവം മായ’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് പറ‍ഞ്ഞ് എന്നെ പലരും കളിയാക്കിയിരുന്നു. ഞാൻ അത് വിശ്വസിച്ചിരുന്നെങ്കിൽ എനിക്ക് നിങ്ങളുടെ ‘ഡെലുലു’ ആവാൻ കഴിയില്ലായിരുന്നു. ഒരു തോൽവി ഉഉണ്ടായാലും അത് നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. കല നിങ്ങളുടെ ഹൃദയത്തിലുള്ളതാണ്. നിങ്ങളുടെ ഉള്ളിലുള്ള കലയെ ലോകത്തിന് നിങ്ങളുടെ ഉള്ളിലുള്ള കലയെ ലോകത്തിന് കാണിച്ചു കൊടുക്കാൻ വേണ്ടി കല അവതരിപ്പിക്കുക എന്നായിരുന്നു റിയുടെ വാക്കുകൾ.

അതേസമയം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിയയ്ക്കൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിന്നു. ‘ഡെലുലുവുമൊത്ത്. റിയ ഷിബു കലോത്സവ ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ട അതിഥിയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി റിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.