
നടി മൃണാൾ ഠാക്കൂറും നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14-നാണ് ഇരുവരും വിവാഹിതരാകുക എന്നാണ് അഭ്യൂഹം. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായുണ്ട്. അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്.
മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. ധനുഷ് ചിത്രം ‘തേരെ ഇഷ്‌ക് മേ’യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്‌പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയിരുന്നു.











