‘ഞാൻ വിജയ്‌യുടെ വലിയ ആരാധിക’; സൈബർ ആക്രമണങ്ങൾക്കിടെ വിശദീകരണവുമായി സുധ കൊങ്കര

തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന വിജയ് ചിത്രം ‘ജനനായകനും സുധ കൊങ്കരയുടെ ‘പരാശക്തി’യും തമ്മിലുള്ള റിലീസ് തർക്കങ്ങളിൽ പുതിയ വഴിത്തിരിവ്. വിജയ്‌യുടെ സിനിമയ്‌ക്കെതിരെ താൻ പ്രവർത്തിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി സംവിധായിക സുധ കൊങ്കര തന്നെ രംഗത്തെത്തി. താൻ വിജയ്‌യുടെ വലിയൊരു ആരാധകിയാണെന്നും അദ്ദേഹത്തിന്റെ സിനിമയുമായി മത്സരിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സുധ വ്യക്തമാക്കി.

പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ‘ജനനായകൻ’ സെൻസർ ബോർഡുമായുള്ള നിയമപ്രശ്നങ്ങളിൽ കുടുങ്ങി റിലീസ് നീണ്ടുപോയതാണ് വിവാദങ്ങൾക്ക് ആധാരം. വിജയ്‌യുടെ അവസാന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയുള്ള ഈ ചിത്രത്തിന് തടസ്സങ്ങൾ നേരിട്ടപ്പോൾ, അതേ സമയം റിലീസ് ചെയ്ത ‘പരാശക്തി’ക്കെതിരെ വിജയ് ആരാധകർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. സുധ കൊങ്കരയുടെ ചിത്രത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

നേരത്തെ തന്റെ സിനിമയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തുന്നവരെ ‘ഗുണ്ടകൾ’ എന്ന് സുധ വിശേഷിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിൽ അവർ തന്റെ നിലപാട് മയപ്പെടുത്തി. വിജയ്‌യെപ്പോലൊരു വലിയ താരത്തോട് തന്റെ സിനിമയെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും, റിലീസ് സംബന്ധിച്ച കാര്യങ്ങൾ തികച്ചും യാദൃശ്ചികമാണെന്നും അവർ കൂട്ടിച്ചേർത്തു.

ശിവകാർത്തികേയനെ നായകനാക്കി സുധ ഒരുക്കിയ ‘പരാശക്തി’ 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. എന്നാൽ ഇതിൽ കോൺഗ്രസ് പാർട്ടിയെയും അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് രാഷ്ട്രീയ പ്രതിഷേധങ്ങളും സിനിമ നേരിടുന്നുണ്ട്. നിലവിൽ ‘ജനനായകൻ’ എന്ന വിജയ് ചിത്രം തിയേറ്ററുകളിലെത്തിക്കാൻ നിർമ്മാതാക്കൾ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും നിയമപോരാട്ടം തുടരുകയാണ്.