“എന്റെ ഭർത്താവിനെ ഓർത്ത് അഭിമാനിക്കുന്നു”; പ്രശാന്ത് നായർക്ക് കീർത്തി ചക്ര ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് നടി ലെന

ഭർത്താവും ഗഗൻയാൻ ദൗത്യത്തിന്റെ തലവനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര ബഹുമതി ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് നടി ലെന. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രശാന്തിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന ഹൃദ്യമായ കുറിപ്പ് താരം പങ്കുവെച്ചത്.

“എന്റെ ഭർത്താവിനെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. കീർത്തി ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ്,” പ്രശാന്തിനെ ടാഗ് ചെയ്തുകൊണ്ട് ലെന കുറിച്ചു. പ്രശാന്തിനൊപ്പം അശോക് ചക്ര ബഹുമതി നേടിയ സഹപ്രവർത്തകൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്കും ലെന അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാളാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. 2024 ജനുവരി 17-നായിരുന്നു പ്രശാന്തും ലെനയും തമ്മിലുള്ള വിവാഹം. പ്രധാനമന്ത്രി ബഹിരാകാശ സഞ്ചാരികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ വിവാഹവാർത്ത ലെന രഹസ്യമാക്കി വെച്ചിരുന്നു.

രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്ന സൈനികർക്ക് നൽകുന്ന പരമോന്നത ധീരതാ പുരസ്‌കാരങ്ങൾ മലയാളി കൂടിയായ പ്രശാന്തിനെ തേടിയെത്തുന്നത് ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്. സിനിമാ മേഖലയിലെ നിരവധി പ്രമുഖരും ആരാധകരും താരത്തിനും ഭർത്താവിനും ആശംസകളുമായി രംഗത്തെത്തുന്നുണ്ട്.