
മുംബൈ: ജീവിതത്തിലെ വലിയ വിജയങ്ങൾക്കിടയിലും തന്റെ പഴയകാല ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കി ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. ‘എസ്ക്വയർ ഇന്ത്യ’യ്ക്ക് (Esquire India) വേണ്ടി തയ്യാറാക്കിയ വീഡിയോയിലാണ് തന്റെ കുട്ടിക്കാലത്തെ സ്വയം അഭിസംബോധന ചെയ്തുകൊണ്ട് താരം വൈകാരികമായ ഒരു കത്ത് വായിച്ചത്. കരിയറിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അമ്മയാകുന്നതിനെക്കുറിച്ചും ആലിയ ഈ കുറിപ്പിൽ മനസ്സ് തുറക്കുന്നു.
സ്വപ്നം കാണുന്നത് നിർത്തരുത് “പ്രിയപ്പെട്ട കൊച്ചു ആലിയയ്ക്ക്, നീ എപ്പോഴും സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം. ദയവായി അത് നിർത്തരുത്. നിന്റെ ഉള്ളിലെ ആ സ്വപ്നജീവിയാണ് നിന്റെ ഏറ്റവും വലിയ കരുത്ത്,” എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ കത്ത് തുടങ്ങുന്നത്. തോൽവികളെ ഭയപ്പെടരുതെന്നും പരാജയങ്ങളിൽ നിന്നാണ് ജീവിതം പഠിക്കേണ്ടതെന്നും താരം ഓർമ്മിപ്പിക്കുന്നു.
രൺബീറിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം തന്റെ കൗമാരകാലത്തെ പ്രണയത്തെക്കുറിച്ചും ഭർത്താവ് രൺബീർ കപൂറിനെക്കുറിച്ചുമുള്ള പരാമർശമായിരുന്നു. “ഹൈസ്‌കൂളിലെ ആ മണ്ടൻ ആൺകുട്ടിയെ ഓർത്ത് നീ കരയരുത്, അത് ഒന്നിനും പകരമാകില്ല. ലോകത്തിലെ ഏറ്റവും മികച്ച ആൺകുട്ടിയെ നീ ഒരുദിവസം കണ്ടുമുട്ടുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നിന്റെ മനസ്സ് വായിക്കാൻ കഴിയുന്ന, നിന്നെ ബഹുമാനിക്കുന്ന, നിനക്ക് ഏറ്റവും സുരക്ഷിതമായ ഇടമായി മാറുന്ന ഒരാളായിരിക്കും അവൻ,” എന്ന് ആലിയ പറയുന്നു. തന്റെ സീക്രെട്ട് ക്രഷ് ആയിരുന്ന ഒരാൾ തന്നെയാകും ജീവിതപങ്കാളിയാവുക എന്ന സൂചനയും താരം നൽകി.
രഹ ഒരു കുഞ്ഞു വക്കീലാണ്! മകൾ രഹയെക്കുറിച്ചും ആലിയ വാചാലയായി. ലോകത്തിലെ ഏറ്റവും സുന്ദരിയായ മകൾ നിനക്കുണ്ടാകുമെന്നും നിനക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ അവൾ നിന്റെ ഹൃദയം കീഴടക്കുമെന്നും ആലിയ പറയുന്നു. വാദപ്രതിവാദങ്ങളിൽ മകൾ ഒരു കുഞ്ഞു വക്കീലിനെപ്പോലെയാണെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു.
അമ്മയ്ക്കും അച്ഛനും സ്നേഹപൂർവ്വം അമ്മ സോണി റസ്ദാൻ പാകം ചെയ്യുന്ന ഭക്ഷണത്തെ പുകഴ്ത്താനും അച്ഛൻ മഹേഷ് ഭട്ടിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആലിയ തന്റെ കുട്ടിക്കാലത്തെ ഉപദേശിക്കുന്നുണ്ട്. അച്ഛൻ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ അതിന്റെ ഫലം എന്തുതന്നെയായാലും ‘യെസ്’ പറയണം, കാരണം അച്ഛനൊപ്പം ചെലവഴിക്കുന്ന ആ നിമിഷങ്ങളാകും നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നും താരം കത്തിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വീഡിയോയ്ക്ക് താഴെ ആലിയയുടെ അമ്മ സോണി റസ്ദാൻ ഉൾപ്പെടെ നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.











