‘കുംഭ’യുടെ വീൽചെയർ വെറുമൊരു ഉപകരണം മാത്രമല്ല; ‘വാരാണസി’യിലെ വില്ലൻ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

കൊച്ചി: ഇന്ത്യൻ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം ‘വാരാണസി’യിലെ തന്റെ വില്ലൻ കഥാപാത്രമായ ‘കുംഭ’യെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായക കഥാപാത്രത്തിന് വെല്ലുവിളിയുയർത്തുന്ന കുംഭ, ശരീരം തളർന്ന് വീൽചെയറിൽ ഇരിക്കുന്ന ഒരാളാണ്. എന്നാൽ ഈ വീൽചെയർ വെറുമൊരു ഉപകരണമല്ലെന്നും അത് തന്റെ കഥാപാത്രത്തിന്റെ ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന ഒന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ഹോളിവുഡ് മാധ്യമമായ ‘കൊളൈഡറിന്’ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വേഷത്തെക്കുറിച്ച് വിശദീകരിച്ചത്. ശരീരത്തിന് ചലനശേഷിയില്ലാത്ത ഒരാളായി അഭിനയിക്കുമ്പോൾ തന്റെ കൈകാലുകൾ അബദ്ധത്തിൽ പോലും ചലിക്കാതിരിക്കാൻ പ്രത്യേക മെക്കാനിസം ഉപയോഗിച്ചാണ് അവ സീറ്റിൽ ഉറപ്പിച്ചിരിക്കുന്നത്. തന്റെ ശരീരത്തെ സ്വന്തമല്ലാത്ത ഒന്നായി കാണുന്ന അത്രമേൽ തീവ്രമായ ഒരു മാനസികാവസ്ഥയിലാണ് കുംഭ ഉള്ളതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ശാരീരികമായി അവശനാണെങ്കിലും ബുദ്ധിശക്തി കൊണ്ടും ക്രൂരത കൊണ്ടും അത്യന്തം അപകടകാരിയായ ഒരു വ്യക്തിത്വമാണ് കുംഭയുടേത്. ചിത്രത്തിലെ വില്ലന്റെ ഓരോ നീക്കങ്ങളും പ്രവചനാതീതമായിരിക്കും. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ആസ്റ്ററോയിഡ് വീഴ്ചയും ടൈം ട്രാവലും പ്രമേയമാക്കിയുള്ള ദൃശ്യവിസ്മയമാണ്. 2027 ഏപ്രിൽ 7-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുകയെന്ന് പ്രതീക്ഷിക്കുന്നു.