
മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറുമായി യുവനടൻ രഞ്ജിത്ത് സജീവ് എത്തുന്നു. നടി അമല പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഹാഫ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദുരൂഹതകൾ നിറഞ്ഞ പോസ്റ്റർ ഇംഗ്ലീഷ്, അറബിക് ഉൾപ്പെടെ ഏഴ് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്ലോമോഷൻ രംഗങ്ങൾ ഒഴിവാക്കിയുള്ള വേഗതയേറിയ ആക്ഷൻ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.
‘ഗോളം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവും സജീവും ചേർന്നാണ്. ‘റെയ്ഡ് 2’, ‘ദ് നൈറ്റ് കംസ് ഫോർ അസ്’ തുടങ്ങിയ ആഗോള പ്രശസ്തമായ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫറായ ഇന്തോനേഷ്യൻ സ്വദേശി വെരിട്രി യൂലിസ്മാൻ ആണ് ഈ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രവീൺ വിശ്വനാഥാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ഏകദേശം 150 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന്റെ വലിയൊരു ഭാഗം രാജസ്ഥാനിലെ ജയ്‌സാൽമീറിലും വിദേശ രാജ്യങ്ങളിലുമായാണ് പൂർത്തിയായത്. അബ്ബാസ്, ഐശ്വര്യ രാജ്, സുധീഷ്, മണികണ്ഠൻ ആർ. ആചാരി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. മിഥുൻ മുകുന്ദൻ സംഗീതവും അപ്പു പ്രഭാകർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം സാങ്കേതികമായി ഏറെ മികവുപുലർത്തുന്ന ഒന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.











