ആരാധകർ സ്റ്റേജിലേക്ക് ഇരച്ചുകയറി; ഷാഹിദ് കപൂറിനെ പൊതിഞ്ഞ് ആൾക്കൂട്ടം, ‘ഓ റോമിയോ’ ഗാനലോഞ്ച് തടസ്സപ്പെട്ടു

ബോളിവുഡ് താരം ഷാഹിദ് കപൂർ നായകനാകുന്ന ‘ഓ റോമിയോ’ എന്ന ചിത്രത്തിലെ ‘പാൻ കി ദുകാൻ’ (Paan Ki Dukaan) എന്ന ഗാനത്തിന്റെ ലോഞ്ചിനിടെ മുംബൈയിൽ വൻ തിരക്കും ബഹളവും. ആരാധകരുടെ സ്നേഹപ്രകടനം അതിരുകടന്നതോടെ സുരക്ഷാ കാരണങ്ങളാൽ താരത്തിന് പാതിവഴിയിൽ സ്റ്റേജിൽ നിന്നും പിന്മാറേണ്ടി വന്നു. തൃപ്തി ദിമ്രി, ദിഷ പട്ടാണി തുടങ്ങിയവരും പങ്കെടുത്ത പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്.

പരിപാടിയുടെ ഭാഗമായി ചില ആരാധകരെ തന്നോടൊപ്പം നൃത്തം ചെയ്യാൻ ഷാഹിദ് സ്റ്റേജിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇതോടെ നൂറുകണക്കിന് ആരാധകർ ബാരിക്കേഡുകൾ തകർത്ത് ഒരേസമയം സ്റ്റേജിലേക്ക് ഇരച്ചുകയറുകയായിരുന്നു. താരത്തെ പൊതിഞ്ഞ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെട്ടു. ആരാധകർക്കിടയിൽ കുടുങ്ങിയ ഷാഹിദ് ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്റ്റേജിന് പിന്നിലേക്ക് മാറുകയായിരുന്നു.

അല്പനേരത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമായതോടെ ഷാഹിദ് കപൂർ സ്റ്റേജിലേക്ക് മടങ്ങിയെത്തി പരിപാടി പൂർത്തിയാക്കി. തന്നെ കാണാൻ എത്തിയ ആരാധകരോട് അദ്ദേഹം നന്ദി പറയുകയും സഹകരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.