150 ദിവസത്തിന് മേൽ അന്ന് കേരളത്തിൽ ഓടി; അല്ലു അർജുന്റെ ഹാപ്പി റീ റിലീസ്

തെലുഗ് നടൻ അല്ലു അർജുനെ മല്ലു അർജുൻ എന്നാണ് സ്നേഹത്തോടെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമയായ ഹാപ്പി കേരളത്തിൽ 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. 4K ഡോൾബി അറ്റ്മോസിലാണ് റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.

കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ ‘ഹാപ്പി’ സംവിധാനം ചെയ്തത് എ കരുണാകരനായിരുന്നു. ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.