വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കും പ്രധാനമന്ത്രിയുടെ വിവാഹ ആശംസകൾ; കത്തയച്ച് നരേന്ദ്ര മോദി

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ഉദയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹത്തിന് മുന്നോടിയായി താരങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കത്തയച്ചു. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന ഇരുവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതം പ്രധാനമന്ത്രി ആശംസിച്ചു. പ്രധാനമന്ത്രിയുടെ ഈ സർപ്രൈസ് ആശംസ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രധാനമന്ത്രിയിൽ നിന്നുള്ള ഔദ്യോഗിക സന്ദേശം വിജയ് ദേവരകൊണ്ടയുടെ പിതാവ് ഗോവർദ്ധൻ റാവു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “ശ്രീ നരേന്ദ്ര മോദി ജി അയച്ച മനോഹരമായ ആശംസയ്ക്ക് നന്ദി. അങ്ങയുടെ വാക്കുകൾ വിജയ്ക്കും രശ്മികയ്ക്കും വലിയ അനുഗ്രഹമാണ്” എന്ന് അദ്ദേഹം കുറിച്ചു. സിനിമയ്ക്ക് പുറമെ താരങ്ങൾ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെയും പ്രയത്നങ്ങളെയും പ്രധാനമന്ത്രി കത്തിൽ പ്രശംസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനും അഭ്യൂഹങ്ങൾക്കും ശേഷമാണ് ഗീതാ ഗോവിന്ദം താരങ്ങൾ നാളെ വിവാഹിതരാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വെച്ചാണ് വിവാഹം. രാഷ്ട്രീയ-സിനിമ മേഖലകളിലെ പ്രമുഖർ താരങ്ങൾക്ക് ആശംസകളുമായി എത്തുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദേശം വിവാഹ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാണ് നൽകിയിരിക്കുന്നത്.