തമിഴ്‌നാട്ടിലും റെക്കോർഡ് തുകയ്ക്ക് യഷിന്റെ ‘ടോക്സിക്’; വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയി

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം റോക്കിംഗ് സ്റ്റാർ യഷ് നായകനായി എത്തുന്ന ‘ടോക്സിക്’ (Toxic: A Fairytale for Grown-ups) റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിക്കുന്നു. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് പ്രമുഖ കമ്പനികൾ സ്വന്തമാക്കിയിരിക്കുന്നത്. തിങ്ക് സ്റ്റുഡിയോസ്, എസ് പിക്ചർ, ട്രൈഡന്റ് ആർട്‌സ്, 5 സ്റ്റാർ സെന്തിൽ എന്നിവർ ചേർന്നാണ് തമിഴ്‌നാട്ടിലെ വിതരണാവകാശം കൈക്കലാക്കിയത്. ഒരു കന്നഡ താരത്തിന്റെ സിനിമയ്ക്ക് തമിഴ് വിപണിയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം 120 കോടി രൂപയ്ക്ക് ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് സ്വന്തമാക്കിയിരുന്നു. ഒരു അന്യഭാഷാ ചിത്രത്തിന് തെലുങ്ക് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ചിത്രം വലിയ ബിസിനസ്സ് ഉറപ്പിച്ചിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നതും ചിത്രത്തിന്റെ വിപണി മൂല്യം വർദ്ധിപ്പിച്ചു.

മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഏകദേശം 600 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ‘ടോക്സിക്’ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിൽ ഇ4 എന്റർടൈൻമെന്റ്‌സാണ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. പ്രീ-റിലീസ് ബിസിനസ്സിലൂടെ തന്നെ നൂറുകണക്കിന് കോടികൾ ഇതിനോടകം ചിത്രം സമാഹരിച്ചു കഴിഞ്ഞു.