‘കാരവനിലിരുന്ന് അവൾ കരഞ്ഞു നിലവിളിച്ചു’; വരലക്ഷ്മിയെക്കുറിച്ച് രാധിക ശരത്കുമാർ

വരലക്ഷ്മി ശരത്കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘സരസ്വതി’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് വേദിയിൽ മകളെക്കുറിച്ച് വികാരാധീനയായി സംസാരിച്ച് നടി രാധിക ശരത്കുമാർ. സിനിമയോടുള്ള വരലക്ഷ്മിയുടെ അഭിനിവേശത്തെയും കരിയറിന്റെ തുടക്കത്തിൽ അവൾ നേരിട്ട വെല്ലുവിളികളെയും കുറിച്ച് രാധിക മനസ്സ് തുറന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിലിരുന്ന് വരലക്ഷ്മി കരഞ്ഞു നിലവിളിച്ച ഒരു പഴയ സംഭവം രാധിക വേദിയിൽ ഓർത്തെടുത്തു.

അന്ന് ആ തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് ശരത്കുമാർ വരലക്ഷ്മിയോട് വളരെ കർക്കശമായാണ് പെരുമാറിയത്. സ്വന്തം പിതാവ് നിർമ്മിച്ച ചിത്രമായിട്ടും വരലക്ഷ്മിക്ക് യാതൊരുവിധ വിട്ടുവീഴ്ചകളും അവിടെ ലഭിച്ചിരുന്നില്ല. ഇതിൽ മനംനൊന്ത് കാരവനിലിരുന്ന് അവൾ പൊട്ടിക്കരഞ്ഞെങ്കിലും ശരത്കുമാർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. മകൾ എന്നതിലുപരി ഒരു പ്രൊഫഷണൽ നടിയായി അവൾ വളരണമെന്ന ശരത്കുമാറിന്റെ നിർബന്ധമാണ് ഇന്ന് അവളെ ഒരു സംവിധായിക എന്ന നിലയിൽ എത്തിച്ചതെന്ന് രാധിക പറഞ്ഞു.

വരലക്ഷ്മി ഈ സിനിമയ്ക്കായി എടുത്ത പ്രയത്നങ്ങളെ രാധിക ഏറെ പ്രശംസിച്ചു. സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറുന്ന വരലക്ഷ്മിയുടെ ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും രാധിക കൂട്ടിചേർത്തു. ചടങ്ങിൽ വരലക്ഷ്മിയുടെ അമ്മ ഛായ ദേവിയും സന്നിഹിതയായിരുന്നു. തന്റെ രണ്ട് അമ്മമാരും വേദിയിലിരിക്കെ വരലക്ഷ്മിയും വികാരാധീനയായി. കുടുംബത്തിന്റെ പിന്തുണയും സ്നേഹവും നിറഞ്ഞ ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.