
തമിഴ് സിനിമാ ലോകത്തെ യുവ സൂപ്പർതാരങ്ങളിൽ മുൻനിരയിലുള്ള ശിവകാർത്തികേയൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തായ ഭാര്യ ആരതിയെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ഏറ്റവും പുതിയ സിനിമയായ ‘തായ്കിഴവി’യുടെ (പാവുണുതായി) വമ്പൻ വിജയം ആഘോഷിക്കുന്ന ചടങ്ങിനിടെയാണ് തന്റെ വിജയങ്ങൾക്ക് പിന്നിലെ പെൺകരുത്തിനെക്കുറിച്ച് താരം മനസ്സുതുറന്നത്. കല്യാണം കഴിഞ്ഞ നാൾ മുതൽ വീട്ടിലെ വരവ് ചെലവ് കണക്കുകളെല്ലാം നോക്കുന്നത് ഭാര്യയാണെന്ന് താരം അഭിമാനത്തോടെ പറഞ്ഞു.
തന്റെ ബാങ്ക് അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് പോലും തനിക്ക് അറിയില്ലെന്നും എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ആരതിയാണെന്നും ശിവകാർത്തികേയൻ വെളിപ്പെടുത്തി. തന്റെ ആവശ്യങ്ങൾക്കായി പണം വേണമെങ്കിൽ ഭാര്യയോട് ചോദിച്ചു വാങ്ങുകയാണ് പതിവ്. അവരെല്ലാം കൃത്യമായി നോക്കിനടത്തുന്നത് കൊണ്ടാണ് തനിക്ക് സിനിമകൾ നിർമ്മിക്കാനും അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതെന്ന് താരം കൂട്ടിച്ചേർത്തു. ‘തായ്കിഴവി’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പാവുണുതായിയിൽ തന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും കാണാൻ സാധിച്ചുവെന്നും അദ്ദേഹം വൈകാരികമായി പറഞ്ഞു.
സിനിമയിൽ എത്തുന്നതിന് മുൻപ് തനിക്ക് കൃത്യമായ വരുമാനം ഇല്ലാതിരുന്ന കാലത്തും തന്നെ വിശ്വസിച്ച് കൂടെ വന്നവളാണ് ആരതിയെന്ന് മുൻപും പല അഭിമുഖങ്ങളിലും ശിവകാർത്തികേയൻ പറഞ്ഞിട്ടുണ്ട്. അമ്മാവന്റെ മകളായ ആരതിയെ 2010-ലായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. സിനിമാ ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കിടയിൽ അഭിനയം വിട്ടുപോകാമെന്ന് കരുതിയപ്പോൾ തനിക്ക് ധൈര്യം പകർന്ന് ഒപ്പം നിന്നത് ഭാര്യയാണെന്നും താരം ഓർത്തെടുത്തു.
നിലവിൽ മൂന്ന് മക്കളുടെ പിതാവായ ശിവകാർത്തികേയൻ, കുടുംബത്തിന് എന്നും മുൻഗണന നൽകുന്ന വ്യക്തിയാണ്. സിനിമയിലെ വലിയ തിരക്കുകൾക്കിടയിലും മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ലൊക്കേഷനുകളിൽ നിന്നും അവധി ലഭിക്കുമ്പോഴെല്ലാം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും താരം പറഞ്ഞു. ശിവകാർത്തികേയന്റെ ഈ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ വലിയ പ്രശംസയാണ് പിടിച്ചുപറ്റുന്നത്.











