
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ‘ഭീഷ്മർ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ കോമഡിക്കും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും മുൻഗണന നൽകുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രെയിലർ റിലീസ് ചെയ്തത്.
ചിത്രത്തിൽ നായികയായി ദിവ്യ പിള്ള എത്തുമ്പോൾ, രണ്ട് പുതുമുഖ നായികമാരും ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അബു സലിം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘കള്ളനും ഭഗവതിയും’ എന്ന സിനിമയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അൻസാജ് ഗോപിയുടെ കഥയ്ക്ക് രതീഷ് റാം ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമായ ‘ഭീഷ്മർ’ മാർച്ച് 20-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.











