
മലയാളികളുടെ പ്രിയനടൻ മനോജ് കെ. ജയന്റെ ജന്മദിനത്തിൽ മകൾ കുഞ്ഞാറ്റ (തേജലക്ഷ്മി) പങ്കുവെച്ച വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും വഴികാട്ടിയും അച്ഛനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കുഞ്ഞാറ്റയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും കുടുംബചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ജീവിതത്തെ ഗൗരവത്തോടെ കാണാനും അതേസമയം തന്നെ ലഘുവായി ആസ്വദിക്കാനും തന്നെ പഠിപ്പിച്ചത് അച്ഛനാണെന്ന് കുഞ്ഞാറ്റ പറയുന്നു. പ്രതിസന്ധികളിൽ ഭയമില്ലാതെ കരുത്തോടെ മുന്നോട്ട് പോകാൻ തനിക്ക് ധൈര്യം നൽകിയത് അദ്ദേഹമാണ്. പോകുന്നിടത്തെല്ലാം പോസിറ്റിവിറ്റി പടർത്തുന്ന അച്ഛന്റെ വ്യക്തിത്വത്തെക്കുറിച്ചും, തന്നെയും സഹോദരങ്ങളെയും അദ്ദേഹം വളർത്തുന്ന രീതിയെക്കുറിച്ചും കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. “എന്റെ സർവ്വസ്വത്തിന് ജന്മദിനാശംസകൾ” എന്നാണ് താരം അച്ഛനെ വിശേഷിപ്പിച്ചത്.
മകളുടെ ഹൃദയം തൊടുന്ന വാക്കുകൾക്ക് മറുപടിയുമായി മനോജ് കെ. ജയനും രംഗത്തെത്തി. മകളുടെ സ്നേഹപ്രകടനം തന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചുവെന്നും ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. അച്ഛനും മകളും തമ്മിലുള്ള ഈ സുന്ദരമായ ബന്ധത്തെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, പങ്കുവെച്ച ചിത്രങ്ങളിൽ അമ്മ ഉർവശി ഇല്ലാത്തത് ആരാധകർക്കിടയിൽ ചെറിയ രീതിയിലുള്ള ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.











