
ബോളിവുഡ് താരം അക്ഷയ് കുമാർ തന്റെ പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യുടെ പ്രചാരണത്തിനിടയിൽ താൻ നേരിട്ട ഒരു നടുക്കുന്ന അനുഭവം വെളിപ്പെടുത്തി. താൻ വിശ്വസിക്കാൻ മടിച്ചിരുന്ന അമാനുഷിക ശക്തികളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. വർഷങ്ങൾക്ക് മുമ്പ് തന്റെ പഴയ വീട്ടിൽ താമസിക്കുമ്പോൾ മകൻ ആരവ് നടത്തിയ പ്രതികരണമാണ് അക്ഷയ് കുമാറിനെ ഞെട്ടിച്ചത്.
അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന ആ വീട്ടിൽ എപ്പോഴും എന്തോ അസ്വാഭാവികമായ സാന്നിധ്യം ഉള്ളതായി പരാതിപ്പെട്ടിരുന്നു. ആരോ നടക്കുന്ന ശബ്ദം കേൾക്കാറുണ്ടെന്ന് ട്വിങ്കിൾ പറഞ്ഞപ്പോൾ അതൊക്കെ വെറും തോന്നലാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു അക്ഷയ് ചെയ്തിരുന്നത്. എന്നാൽ ഒരു ദിവസം നാലോ അഞ്ചോ വയസ്സുള്ള മകൻ ആരവ് ശൂന്യതയിലേക്ക് നോക്കി ഒരാളോട് “ഇവിടെ നിൽക്കരുത്, ഇവിടുന്ന് പോകൂ” എന്ന് പറയുന്നത് കേട്ടപ്പോൾ താൻ സ്തബ്ധനായിപ്പോയെന്ന് അക്ഷയ് അനുസ്മരിച്ചു.
ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോൾ മകന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്കളങ്കമായ മറുപടി അക്ഷയ് കുമാറിനെ അമാനുഷിക ശക്തികളുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിപ്പിച്ചു. ഈ ലോകത്ത് പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും ഉണ്ടെന്ന് താൻ ഇപ്പോൾ വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന ഹൊറർ കോമഡി ചിത്രത്തിലൂടെ 16 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുകയാണ്. ചിത്രം 2026 ഏപ്രിലിൽ തിയേറ്ററുകളിലെത്തും.











