
പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ‘എമ്പുരാനി’ൽ ബജ്റംഗി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ തെന്നിന്ത്യൻ താരം അഭിമന്യു സിംഗ് വീണ്ടും മലയാളത്തിലേക്ക്. ഷഹ്‌മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വവ്വാലി’ൽ ‘ദേവരാജ ഗൗഡ’ എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിമന്യുവിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
‘പൊയറ്റിക്കൽ ആക്ഷൻ ത്രില്ലർ’ എന്ന് അണിയറക്കാർ വിശേഷിപ്പിക്കുന്ന വവ്വാലിൽ മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിംഗ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലക്ഷ്മി ചപോർക്കർ നായികയാവുന്ന ചിത്രത്തിൽ മണികണ്ഠൻ ആചാരി, സുധി കോപ്പ തുടങ്ങി മുപ്പതിലധികം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ഇന്ത്യൻ സിനിമയിലെ തന്നെ വിലപിടിപ്പുള്ള വില്ലന്മാരിൽ ഒരാളായ അഭിമന്യു സിംഗിന്റെ സാന്നിധ്യം ചിത്രത്തിന് വലിയ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനോജ് എം ജെ ഛായാഗ്രഹണവും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്ന ചിത്രത്തിന് ജോൺസൺ പീറ്ററാണ് സംഗീതം നൽകുന്നത്. വവ്വാലിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളും ട്രെയിലറും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.











