
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി 20 (NDA സഖ്യം) സ്ഥാനാർത്ഥിയായ അഖിൽ മാരാരുടെ പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ഭാര്യ രാജലക്ഷ്മി പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. “പണ്ട് എവിടെയോ നഷ്ടമായ എന്റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനം മാത്രം” എന്നായിരുന്നു അഖിൽ മാരാരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രാജലക്ഷ്മി കുറിച്ചത്. ബിഗ് ബോസ് വിജയത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച അഖിലിന് കുടുംബത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയായാണ് ആരാധകർ ഈ പോസ്റ്റിനെ കാണുന്നത്.
ഭാര്യയുടെ കുറിപ്പിന് താഴെ വൈകാരികമായ പ്രതികരണവുമായി അഖിൽ മാരാരും രംഗത്തെത്തി. “ജീവിതത്തിൽ ഒരുപാട് തോറ്റവനെ ഈശ്വരൻ ജയിപ്പിച്ചു തുടങ്ങി, ഇനി തോൽക്കില്ല നമ്മൾ ജയിക്കും” എന്നായിരുന്നു അഖിലിന്റെ മറുപടി. മുൻപ് തന്റെ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയപ്പോൾ വീട് വിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ചും ഷെഡിൽ താമസിക്കേണ്ടി വന്നതിനെക്കുറിച്ചും അഖിൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകൾ വലിയ ചർച്ചയായിരുന്നു. ആ കഷ്ടപ്പാടുകളിൽ നിന്നുമാണ് ഇന്ന് തൃക്കാക്കരയിലെ ജനവിധി തേടുന്ന സ്ഥാനാർത്ഥിയായി താൻ വളർന്നതെന്ന് അഖിൽ ഓർമ്മിപ്പിക്കുന്നു.
അഖിൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ താൻ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് രാജലക്ഷ്മി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തെറ്റുകൾ ഭയമില്ലാതെ തുറന്നു പറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും ആർജ്ജവവുമാണ് രാഷ്ട്രീയത്തിന് അനുയോജ്യമെന്നാണ് രാജലക്ഷ്മിയുടെ പക്ഷം. രാഷ്ട്രീയ എതിരാളികളായ രമേഷ് പിഷാരടിയെപ്പോലുള്ളവർ ഉന്നയിക്കുന്ന വിമർശനങ്ങളെയും ട്രോളുകളെയും നേരിട്ട് അഖിൽ മുന്നേറുമ്പോൾ, ഭാര്യയും മക്കളും പ്രചാരണ രംഗത്ത് സജീവമായി കൂടെയുള്ളത് അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
സിനിമയും റിയാലിറ്റി ഷോകളും നൽകിയ ജനപ്രീതി വോട്ടാക്കി മാറ്റാനാണ് തൃക്കാക്കരയിൽ അഖിൽ മാരാർ ശ്രമിക്കുന്നത്. വികസന മുരടിപ്പും മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹവും തനിക്ക് അനുകൂലമാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥിയെന്ന നിലയിൽ അഖിലിന്റെ വ്യക്തിപരമായ ജീവിതവും രാഷ്ട്രീയ നിലപാടുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്.











