സംവിധായകൻ രഞ്ജിത്തിന് ജാമ്യം കിട്ടിയില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ

യുവ നടി നൽകിയ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.

രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ശനിയാഴ്ചയാണ് എറണാകുളം സബ്ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയത്. രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കാൻ പോലും കോടതി തയ്യാറായില്ല. അതിനുമുൻപുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം.