
താൻ എത്ര വലിയ താരമാണെങ്കിലും തനിക്കും ആരാധനാപാത്രങ്ങളുണ്ടെന്നും അവരെ കാണുമ്പോൾ സാധാരണക്കാരെപ്പോലെ താനും പെരുമാറാറുണ്ടെന്നും വെളിപ്പെടുത്തി നടൻ രൺബീർ കപൂർ. തന്റെ പുതിയ ചിത്രമായ ‘രാമായണ’യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് ഹോളിവുഡ് താരങ്ങളായ നതാലി പോർട്ട്മാൻ, ക്വന്റിൻ ടരന്റീനോ എന്നിവരെ കണ്ടപ്പോഴുണ്ടായ രസകരമായ അനുഭവങ്ങൾ താരം പങ്കുവെച്ചത്. തന്നെ കണ്ടപ്പോൾ നതാലി പോർട്ട്മാൻ “ഗെറ്റ് ലോസ്റ്റ്” (Get Lost) എന്ന് പറഞ്ഞ് ആട്ടിപ്പായിച്ചതും സംവിധായകൻ ടരന്റീനോ അശ്ലീല ആംഗ്യം (Showed the finger) കാണിച്ചതും താരം ചിരിയോടെ ഓർത്തെടുത്തു.
ലണ്ടനിൽ വെച്ചാണ് നതാലി പോർട്ട്മാനെ രൺബീർ കാണുന്നത്. അവരോടുള്ള ഇഷ്ടം കൊണ്ട് പിന്നാലെ ഓടി “ഐ ലൗ യു” എന്ന് പറയാൻ ശ്രമിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. അവർ അപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട് കരയുകയായിരുന്നുവെന്നും ആ സമയത്ത് ചെന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്നും രൺബീർ പറഞ്ഞു. അതുപോലെ തന്നെ സംവിധായകൻ ക്വന്റിൻ ടരന്റീനോയെ കണ്ടപ്പോൾ ഓട്ടോഗ്രാഫിനായി പുറകെ നടന്ന തന്നെ അദ്ദേഹം ഒട്ടും ഗൗനിച്ചില്ലെന്ന് മാത്രമല്ല, അശ്ലീല ആംഗ്യം കാണിക്കുക കൂടി ചെയ്തുവെന്ന് രൺബീർ വെളിപ്പെടുത്തി.
ഹോളിവുഡ് ഇതിഹാസം അൽ പാച്ചിനോയെ കാണാൻ മൂന്ന് മണിക്കൂർ കാത്തുനിന്ന കാര്യവും രൺബീർ പങ്കുവെച്ചു. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായ നിതേഷ് തിവാരിയുടെ ‘രാമായണ’യിൽ ശ്രീരാമനായി വേഷമിടുന്നതിന്റെ ആവേശത്തിലാണ് താരം ഇപ്പോൾ. സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രം 2026 ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യ ടീസർ ലോസ് ഏഞ്ചൽസിൽ വെച്ച് പുറത്തിറക്കിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ രൺബീർ തന്റെ ഈ ഫാൻബോയ് നിമിഷങ്ങൾ പങ്കുവെച്ചത്.











