‘ഇരുണ്ട, തടിച്ച, അരക്ഷിതയായ പെൺകുട്ടി; ആ വേദന അനുഭവിച്ച് വളർന്നയാളാണ്’: ബാല്യകാല ചിത്രവുമായി സമീറ റെഡ്ഡി

തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി സമീറ റെഡ്ഡി. സിനിമയിൽ ഗ്ലാമർ താരമായി തിളങ്ങുന്നതിന് മുൻപ് താൻ അനുഭവിച്ചിരുന്ന കടുത്ത മാനസിക വിഷമങ്ങളെക്കുറിച്ചാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. തന്റെ ഒരു ബാല്യകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ്, അന്നത്തെ ആ പെൺകുട്ടി എത്രത്തോളം അരക്ഷിതയായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞത്.

“ഇരുണ്ട നിറമുള്ള, തടിച്ച, വിക്കുള്ള, ഒന്നിനും കൊള്ളാത്തവൾ എന്ന് മറ്റുള്ളവർ മുദ്രകുത്തിയ ഒരു കുട്ടിയായിരുന്നു ഞാൻ” എന്ന് സമീറ കുറിച്ചു. കുട്ടിക്കാലത്ത് തന്റെ ശരീരപ്രകൃതിയുടെയും നിറത്തിന്റെയും പേരിൽ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ് തന്നെ വല്ലാതെ തളർത്തിയിരുന്നു. മറ്റുള്ളവരുടെ പരിഹാസങ്ങൾ കാരണം ആരോടും സംസാരിക്കാൻ പോലുമാകാതെ ഒറ്റപ്പെട്ടുപോയ ആ പെൺകുട്ടിയുടെ വേദന താൻ ഇന്നും ഓർക്കുന്നുണ്ടെന്ന് താരം പറയുന്നു.

സൗന്ദര്യത്തിന്റെ കൃത്രിമ മാനദണ്ഡങ്ങൾക്കനുസരിച്ച് മാറാൻ ശ്രമിച്ചപ്പോഴൊന്നും തനിക്ക് സമാധാനം ലഭിച്ചിരുന്നില്ലെന്നും സമീറ വെളിപ്പെടുത്തി. എന്നാൽ ഇന്ന് തന്റെ കുറവുകളെല്ലാം അഭിമാനത്തോടെ സ്വീകരിക്കാൻ തനിക്ക് കഴിയുന്നുണ്ട്. വെളുത്ത നിറമോ മെലിഞ്ഞ ശരീരമോ അല്ല ഒരാളുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്നതെന്ന് താരം ഓർമ്മിപ്പിക്കുന്നു. സമാനമായ രീതിയിൽ അപകർഷതാബോധം അനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതാണ് സമീറയുടെ ഈ കുറിപ്പ്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ.