പ്രദീപ് രംഗനാഥന്റെ അടുത്ത 100 കോടി ചിത്രമാകുമോ ‘ലവ് ഇൻഷുറൻസ് കമ്പനി’? ബോക്സ് ഓഫീസിൽ മിന്നും തുടക്കം

‘ലവ് ടുഡേ’, ‘ഡ്രാഗൺ’, ‘ഡ്യൂഡ്’ എന്നീ തുടർച്ചയായ മൂന്ന് ഹിറ്റുകൾക്ക് ശേഷം യുവ താരം പ്രദീപ് രംഗനാഥൻ നായകനായ സൈഫൈ റൊമാന്റിക് ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ക്ക് (LIK) ബോക്സ് ഓഫീസിൽ മികച്ച തുടക്കം. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനത്തിൽ ലോകമെമ്പാടുനിന്നുമായി 9.93 കോടി രൂപയാണ് നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 7.93 കോടി രൂപ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

ഹാട്രിക് വിജയങ്ങൾ നേടി നിൽക്കുന്ന പ്രദീപ് രംഗനാഥന്റെ അടുത്ത 100 കോടി ചിത്രമായി ‘ലവ് ഇൻഷുറൻസ് കമ്പനി’ മാറുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. പുതിയ കാലഘട്ടത്തിലെ യുവാക്കളുടെ പ്രതിനിധിയായി മാറിയ പ്രദീപിന്റെ പ്രകടനം ചിത്രത്തിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും രവി വർമ്മന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. എസ്.ജെ. സൂര്യ, മിഷ്കിൻ, യോഗി ബാബു തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.