“എന്റെ പങ്കാളി സംവിധായകനാകുന്നു, അഭിമാനമുണ്ട്”: സന്തോഷം പങ്കുവെച്ച് അനാർക്കലി മരിക്കാർ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമായ അനാർക്കലി മരിക്കാർ തന്റെ പങ്കാളിയുടെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അനാർക്കലിയുടെ പങ്കാളിയായ അമീൻ ബാരിഫ് (Ameen Barif) സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘കാക്കി സർക്കസ്’ (Kaaki Circus) എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ പങ്കാളിയുടെ ജീവിതത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് താരം കുറിച്ചു.

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്കൊരു കാമുകനുണ്ടെന്നും തങ്ങൾ ഒരുമിച്ച് താമസിക്കുകയാണെന്നും (Living Together) അനാർക്കലി തുറന്നു പറഞ്ഞിരുന്നു. ഉമ്മച്ചിയും ബാപ്പയും ചേച്ചിയും ഉൾപ്പെടെ ഇരു കുടുംബങ്ങൾക്കും ഇക്കാര്യം അറിയാമെന്നും ഔദ്യോഗികമായി വിവാഹത്തിലേക്ക് കടക്കാൻ ഇനിയും സമയമുണ്ടെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. പങ്കാളി സംവിധായകനാകാൻ ആഗ്രഹമുള്ള ആളാണെന്നും കഥകൾ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം വലിയ രീതിയിൽ സഹായിക്കാറുണ്ടെന്നും അനാർക്കലി അന്ന് വെളിപ്പെടുത്തിയിരുന്നു.

2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ അനാർക്കലി, ‘വിമാനം’, ‘മന്ദാരം’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയിരുന്നു. ഗഗനചാരി എന്ന ചിത്രത്തിലെ അഭിനയവും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോൾ തന്റെ പങ്കാളിയും സിനിമാ സംവിധാനത്തിലേക്ക് ചുവടുവെക്കുമ്പോൾ ആ ആവേശം ആരാധകരുമായി പങ്കുവെക്കുകയാണ് നടി.