
തമിഴ് സിനിമാ ലോകത്ത് ഈ വർഷത്തെ അപ്രതീക്ഷിത വിജയങ്ങളിലൊന്നായി മാറിയ ‘യൂത്ത്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രശസ്ത തമിഴ് നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത ചിത്രം ഏപ്രിൽ 16 മുതൽ നെറ്റ്ഫ്ലിക്സിൽ (Netflix) സ്ട്രീമിംഗ് ആരംഭിക്കും. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ഒരേസമയം ലഭ്യമാകും. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്.
സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം വെറും 6 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചത്. എന്നാൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ സിനിമ ഇതുവരെ ആഗോളതലത്തിൽ 68 കോടിയോളം രൂപ കളക്ഷൻ സ്വന്തമാക്കി ബ്ലോക്ക്ബസ്റ്റർ പട്ടികയിൽ ഇടംപിടിച്ചു. സ്കൂൾ കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും രസകരമായി അവതരിപ്പിച്ചതിനൊപ്പം കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയതാണ് ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിച്ചത്.
മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് കെൻ കരുണാസിന്റെ അച്ഛനായി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവദർശിനി, മീനാക്ഷി ദിനേശ്, അനിഷ്മ അനിൽകുമാർ, പ്രിയാൻഷി യാദവ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജി.വി പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും തെന്നിന്ത്യയിൽ തരംഗമായിരുന്നു. വലിയ താരനിരയില്ലാതെ വന്ന് തിയേറ്ററുകളെ ഇളക്കിമറിച്ച ഈ ‘കൊച്ചു ചിത്രം’ ഇനി ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.











