
മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജിബിൻ ഗോപിനാഥ് തമിഴിലേക്ക് ചുവടുവെക്കുന്നു. പ്രശസ്ത സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന ‘അരസൻ’ എന്ന ചിത്രത്തിലൂടെയാണ് ജിബിന്റെ തമിഴ് അരങ്ങേറ്റം. സിലമ്പരസൻ (STR) നായകനാകുന്ന ഈ ചിത്രം വെട്രിമാരന്റെ ‘വട ചെന്നൈ’ സിനിമയുടെ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
‘ഡൈസ് ഇറേ’ (Dies Irae), ‘കളംകാവൽ’ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് ജിബിന് വെട്രിമാരൻ ചിത്രത്തിലേക്ക് വഴിതുറന്നത്. ഒരു വെട്രിമാരൻ ചിത്രത്തിൽ അഭിനയിക്കുക എന്നത് സ്വപ്നതുല്യമായ കാര്യമാണെന്നും, യാതൊരു പ്രതീക്ഷയുമില്ലാതെയാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്നും ജിബിൻ പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ആദ്യമായി ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതിന്റെ വെല്ലുവിളികൾ ഉണ്ടെങ്കിലും ടീമിൽ നിന്നുള്ള പിന്തുണ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡി’ലൂടെ ശ്രദ്ധിക്കപ്പെട്ട ജിബിൻ, പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. സിമ്പുവിനൊപ്പമുള്ള ആദ്യ രംഗം തന്നെ തനിക്ക് വലിയ അനുഭവമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലാളിത്യം അത്ഭുതപ്പെടുത്തിയെന്നും ജിബിൻ പറഞ്ഞു. വട ചെന്നൈയുടെ ആവേശകരമായ ലോകത്തേക്ക് മലയാളി സാന്നിധ്യമായി ജിബിൻ കൂടി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.











