ആംബുലൻസിൽ നിന്ന് ഇറങ്ങിയോടി ഓടയിൽ ചാടി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പേവിഷബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ഓടയിൽ വീണ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ യുവാവാണ് ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം ഈഞ്ചയ്ക്കൽ ജംക്‌ഷന് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്നും യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആംബുലൻസ് ഈഞ്ചയ്ക്കൽ ഭാഗത്തെത്തിയപ്പോൾ യുവാവ് അപ്രതീക്ഷിതമായി വാഹനത്തിന് പുറത്തേക്ക് ചാടുകയും റോഡിലൂടെ ഓടുകയുമായിരുന്നു. തുടർന്ന് ദേശീയപാത വികസനം നടക്കുന്ന ഭാഗത്തെ പുല്ലും കാടും നിറഞ്ഞ വലിയ ഓടയിലേക്കാണ് ഇദ്ദേഹം ചാടിയത്.

യുവാവ് ഓടയിൽ വീണയുടൻ തന്നെ ആംബുലൻസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുക്കാൻ ശ്രമം നടത്തി. ഉടൻ തന്നെ വീണ്ടും ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതമാണോ അതോ പേവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.