
പത്തനംതിട്ട: ഭക്തർക്ക് പ്രവേശനമില്ലാത്ത സമയത്ത് ശബരിമല സന്നിധാനത്ത് കടന്നുകയറി ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. ചെങ്ങറ സ്വദേശിയായ യുവാവിനെതിരെയാണ് പമ്പ പൊലീസ് നിയമനടപടി സ്വീകരിച്ചത്. അതീവ സുരക്ഷാ മേഖലയായ സന്നിധാനത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് നടപടി.
ഏപ്രിൽ 19-ന് ശബരിമല നട അടച്ചിരുന്ന സമയത്താണ് യുവാവ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സൂചന. ‘നട അടച്ചതിനുശേഷമുള്ള ശബരിമല’ എന്ന പേരിൽ ഏകദേശം 10 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ഇയാൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. ആളൊഴിഞ്ഞ പതിനെട്ടാംപടിയും കൊടിമരവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ വീഡിയോയിൽ ദൃശ്യമാണ്. സംഭവം വിവാദമായതോടെ ഇയാൾ വീഡിയോ ചാനലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
നട അടച്ചു കഴിഞ്ഞാൽ ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. ഈ സാഹചര്യത്തിൽ, കർശന സുരക്ഷയുള്ള മതിൽക്കെട്ടിനുള്ളിൽ യുവാവ് എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോ തൊഴിലാളിയായ ഇയാൾക്കെതിരെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.











