ചൈനയെ നടുക്കി ഖനി ദുരന്തം; കൽക്കരി ഖനിയിലെ വാതക സ്ഫോടനത്തിൽ 82 മരണം; ഒൻപത് പേർക്കായി തിരച്ചിൽ

ബെയ്ജിങ്: ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ കൽക്കരി ഖനി ദുരന്തത്തിൽ മരണസംഖ്യ 82 ആയി ഉയർന്നതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ‘ലിയുഷെൻയു’ കൽക്കരി ഖനിയിലാണ് ദാരുണമായ ഗ്യാസ് സ്ഫോടനമുണ്ടായത്. അപകടത്തിൽപ്പെട്ട ഒൻപത് തൊഴിലാളികൾ ഇപ്പോഴും ഭൂമിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ ഖനി അപകടങ്ങളിലൊന്ന് സംഭവിച്ചത്. സ്ഫോടനം നടക്കുമ്പോൾ ഇരുന്നൂറിലധികം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന് വലിയൊരു വിഭാഗം ജീവനക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും, വിഷവാതകം ശ്വസിച്ചതും ടണലുകൾ തകർന്നതുമാണ് മരണസംഖ്യ ഉയരാൻ കാരണമായത്.

സംഭവത്തെ തുടർന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ട പ്രസിഡന്റ്, രാജ്യത്തെ എല്ലാ തൊഴിലിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ പ്രവിശ്യാ അധികൃതർക്ക് മുന്നറിയിപ്പും നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഖനി കമ്പനിയുടെ മേധാവിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.