മമ്മൂട്ടിയുടെ ‘മേള’ എത്തുന്നു; ടഫ് ലുക്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ ചിത്രത്തിന് ‘മേള’ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന് അർധരാത്രി 12 മണിയോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടഫ് ലുക്കിലുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ആദ്യ സിനിമയുടെ പേരും ‘മേള’ എന്നായിരുന്നു. കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ആ ചിത്രത്തിൽ വിജയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 46 വർഷങ്ങൾക്ക് ശേഷം അതേ പേരിൽ മറ്റൊരു ചിത്രവുമായി മമ്മൂട്ടി എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

സർക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററുടെ വേഷത്തിലാകും മമ്മൂട്ടി പുതിയ ‘മേള’യിൽ എത്തുകയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയെ പൂർണമായും മാസ്, കൊമേഴ്സ്യൽ അവതാരത്തിൽ കാണാനാകുമെന്ന പ്രതീക്ഷയും ചിത്രത്തെക്കുറിച്ച് വലിയ ഹൈപ്പ് സൃഷ്ടിക്കുന്നുണ്ട്. ആരാധകർക്ക് ആഘോഷിക്കാനുള്ള നിരവധി ഘടകങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറയിൽ നിന്നുള്ള സൂചന.

വമ്പൻ താരനിര ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്. താരനിരയെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

‘കളംകാവൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘മേള’യ്ക്കുണ്ട്. ‘ഫാലിമി’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് പിന്നീട് തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന ചിത്രവും ഒരുക്കിയിരുന്നു. നിതീഷ് സഹദേവ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും ‘മേള’ ഏറെ പ്രതീക്ഷയുണർത്തുന്നുണ്ട്.