ഉർവശിയും ജോജു ജോർജും ഒന്നിക്കുന്ന ‘ആശ’ സെൻസറിംഗ് പൂർത്തിയായി; റിലീസ് സെപ്റ്റംബർ 11-ന്

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’യുടെ (Aasha) സെൻസറിംഗ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ, ‘പണി’ ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ആകസ്മികമായൊരു അപകടവും തുടർന്നുണ്ടാകുന്ന ആകാംക്ഷനിറഞ്ഞ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും ദുരൂഹവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ട്രെയിലർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. തികച്ചും സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ഉർവശിയും ജോജുവും ചിത്രത്തിലെത്തുന്നത്. വേറിട്ട വേഷപ്പകർച്ചയിലുള്ള ഉർവശിയുടെ പ്രകടനം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘പൊൻമാൻ’, ‘ഗഗനചാരി’, ‘ബാന്ദ്ര’, ‘മദനോത്സവം’, ‘സർക്കീട്ട്’ തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രമാണിത്. നവാഗതനായ സഫർ സനലാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.