സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; വീഡിയോ ഗാനം പുറത്തിറങ്ങി

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കൂടെ പാറുന്ന കിളികൾ’ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. ഹേയ് കാർത്തി വരികൾ എഴുതിയ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് അയ്‌റാനാണ്. സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രദർശനം തുടരുകയാണ്. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ പ്രത്യേക കഴിവ് അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളും സംഭവവികാസങ്ങളുമാണ് സിനിമ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നത്.

അഖില ഭാർഗവനാണ് ചിത്രത്തിലെ നായിക. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്. സംഗീത് പ്രതാപിനും ഷറഫുദ്ദീനുമൊപ്പം കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റിന്റെയും ഡ്രീം ബിഗ് ഫിലിംസിന്റെയും ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഖിൽ സേവ്യറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് രാകേഷ് ചെറുമഠം. സംഗീതം മുജീബ് മജീദ്. സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്. മേക്കപ്പ് റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം ആരതി ഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം. കലാസംവിധാനം അപ്പുണ്ണി സാജൻ. വിഷ്ണു ദേവും അജിത് ജോസും ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. വി.എഫ്.എക്സ് പ്രൊമൈസ് വി.എഫ്.എക്സും മാർജ്ജാര വി.എഫ്.എക്സും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ഡിസ്ട്രിബ്യൂഷൻ ഡ്രീം ബിഗ് ഫിലിംസാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ. ഡിസൈൻസ് യെല്ലോ ടൂത്സ്.