
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ചിത്രം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുകയാണ്. ഒക്ടോബർ 8ന് ചിത്രം ആഗോളതലത്തിൽ വീണ്ടും തിയേറ്ററുകളിലെത്തും.
റീ റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓർമ്മകളും ആവേശവും പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. പ്രിയദർശനൊപ്പം ചെയ്ത സിനിമകളിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘തേന്മാവിൻ കൊമ്പത്ത്’ എന്ന് മോഹൻലാൽ പറഞ്ഞു. മനോഹരമായ ഫ്രെയിമുകളും നർമ്മരംഗങ്ങളും കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ചിത്രത്തെ 4K ദൃശ്യ മികവിൽ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ താനും മാണിക്യനായി എത്തുകയാണെന്നും താരം വ്യക്തമാക്കി.
മോഹൻലാലിന്റെ മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നവയാണ്. ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമ്മവും സംഗീതവുമെല്ലാം ചേർന്ന ചിത്രം പുതിയ തലമുറയ്ക്കും പഴയ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
4K ദൃശ്യ മികവിൽ വീണ്ടും മാണിക്യൻ
പുതിയ പതിപ്പിൽ 4K ദൃശ്യ മികവോടെയാണ് ‘തേന്മാവിൻ കൊമ്പത്ത്’ തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകൾ കൂടുതൽ മികവോടെ ബിഗ് സ്ക്രീനിൽ ആസ്വദിക്കാനാകുമെന്നതാണ് റീ റിലീസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും പരമാവധി നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്.
ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിലെ നർമ്മരംഗങ്ങളും പശ്ചാത്തല ശബ്ദങ്ങളുമെല്ലാം കൂടുതൽ മികച്ച തിയേറ്റർ അനുഭവം നൽകുന്ന തരത്തിലാണ് പുതിയ സൗണ്ട് മിക്സ് ഒരുക്കിയിരിക്കുന്നത്.
ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്ലാസിക്
പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മോഹൻലാലിനും ശോഭനയ്ക്കും നെടുമുടി വേണുവിനുമൊപ്പം ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അംഗീകാരം ലഭിച്ചിരുന്നു. അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ നിർമ്മിച്ച ചിത്രത്തിന്റെ 4K റീമാസ്റ്ററിങ് മാറ്റിനൗവും ഇ4 എന്റർടെയ്ൻമെന്റ്സും ചേർന്നാണ് നിർവഹിച്ചത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന മാണിക്യനെയും കാർത്തുമ്പിയെയും വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.












