ഒറ്റ ദിവസം, എട്ട് പേർ; ബിഗ് ബോസ് ലക്ഷ്യമിട്ടത് ഗ്രൂപ്പിസം തകർക്കലോ? മാസ് എവിക്ഷൻ ഹൗസിനെ പിടിച്ചുകുലുക്കിയത് ഇങ്ങനെ

ഒറ്റ ദിവസംകൊണ്ട് ബിഗ് ബോസ് മലയാളം ഹൗസിൽ നിന്ന് പുറത്തായത് ഒന്നോ രണ്ടോ പേരല്ല, എട്ട് മത്സരാർത്ഥികളാണ്. മൃദുലയും അഞ്ജലിയും ഔദ്യോഗികമായി എവിക്ടായിട്ടില്ലെങ്കിലും ഇരുവരും നിലവിൽ സീക്രട്ട് റൂമിലാണ്. അതോടെ ഒരു ഘട്ടത്തിൽ ഹൗസിൽ അവശേഷിച്ചത് വെറും പതിനൊന്ന് മത്സരാർത്ഥികൾ. എന്തുകൊണ്ടാണ് ബിഗ് ബോസ് ഇത്തരമൊരു മാസ് എവിക്ഷൻ നടത്തിയത്? ഇത് വെറും എവിക്ഷൻ നടപടിയായിരുന്നോ, അതോ ഹൗസിലെ നിലവിലുള്ള ഗ്രൂപ്പിസത്തെയും കൂട്ടുകെട്ടുകളെയും തകർക്കാനുള്ള കൃത്യമായ നീക്കമായിരുന്നോ? അതിലുപരി, ഒറ്റയടിക്ക് ഇത്രയധികം പേരെ നഷ്ടപ്പെട്ടത് അവശേഷിച്ച മത്സരാർത്ഥികളുടെ മാനസികാവസ്ഥയെ എങ്ങനെയാണ് ബാധിച്ചത്?

മാസ് എവിക്ഷൻ വരാനിരിക്കുന്നതായി ബിഗ് ബോസ് മത്സരാർത്ഥികളെ അറിയിച്ചത് തന്നെ വ്യത്യസ്തമായ രീതിയിലായിരുന്നു. വീട് മുഴുവൻ കുലുങ്ങുന്ന ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഒരു വലിയ ഭൂകമ്പം സംഭവിക്കാൻ പോകുകയാണെന്നും അത് ഹൗസിലെ മുഴുവൻ സാഹചര്യങ്ങളെയും പിടിച്ചുകുലുക്കുമെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങൾക്ക് നേരിടേണ്ടിവരുന്ന യഥാർത്ഥ ആഘാതത്തിന്റെ വ്യാപ്തി അന്ന് മത്സരാർത്ഥികൾക്ക് മനസിലായിരുന്നില്ല.

എവിക്ഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞ വാക്കുകളും ഈ സാഹചര്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. തങ്ങൾക്ക് ഇപ്പോൾ തോന്നുന്ന മാനസിക ആഘാതം ഇത്രയാണെങ്കിൽ, പുറത്താകുന്നവർക്ക് നേരിടേണ്ടിവരുന്ന സൈക്കോളജിക്കൽ ഷോക്ക് എത്ര വലുതായിരിക്കുമെന്ന് അവർ ചോദിച്ചിരുന്നു.

ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ എന്നതിലുപരി ഒരു മൈൻഡ് ഗെയിം കൂടിയാണ്. ശാരീരിക ടാസ്കുകൾക്കൊപ്പം അപ്രതീക്ഷിതവും സങ്കീർണവുമായ സാഹചര്യങ്ങളെ മത്സരാർത്ഥികൾ എങ്ങനെ നേരിടുന്നു എന്നതും ഷോയുടെ പ്രധാന ഭാഗമാണ്. അത്തരമൊരു സാഹചര്യമാണ് ഇത്തവണത്തെ മാസ് എവിക്ഷനിലൂടെ ബിഗ് ബോസ് സൃഷ്ടിച്ചത്. പുറത്തുള്ള ലോകവുമായി പൂർണമായും ബന്ധം വിച്ഛേദിച്ചാണ് മത്സരാർത്ഥികൾ ഹൗസിൽ കഴിയുന്നത്. ഫോണില്ല, പത്രമില്ല, ടെലിവിഷനില്ല. പുറംലോകത്തെക്കുറിച്ച് അറിയാനുള്ള വഴികളൊന്നുമില്ല. അതുകൊണ്ടുതന്നെ അവർക്ക് മുന്നിലുള്ള ഹൗസും അവിടെയുള്ള മനുഷ്യരുമാണ് അവരുടെ യഥാർത്ഥ ലോകമായി മാറുന്നത്.

അത്തരമൊരു സാഹചര്യത്തിൽ തങ്ങളോടൊപ്പം ദിവസങ്ങളോളം ജീവിച്ച ഒരാൾ പെട്ടെന്ന് അവിടെനിന്ന് ഇല്ലാതാകുന്നത് വലിയ മാനസിക ആഘാതമാണ്. സാധാരണ ഒരു എവിക്ഷൻ സംഭവിക്കുമ്പോൾ അടുത്ത ബന്ധമുള്ളവർക്ക് മാത്രമായിരിക്കും ആഘാതം കൂടുതലായി അനുഭവപ്പെടുക. എന്നാൽ ഒരേ ദിവസം നിരവധി പേർ പുറത്താകുമ്പോൾ ആ ആഘാതം മറ്റൊരു തലത്തിലേക്ക് മാറും.

മാസ് എവിക്ഷനുശേഷം ഗൗതം ശശി പറഞ്ഞത് ‘ഇതൊരു മരണവീട് പോലെ തോന്നുന്നു’ എന്നായിരുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ തങ്ങളോടൊപ്പം ഉണ്ടായിരുന്ന ഓരോരുത്തരായി പുറത്തുപോകുന്നതും ക്യാമറയ്ക്ക് മുന്നിലെ ഗ്രൂപ്പ് ഫോട്ടോയിൽ ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നതും മത്സരാർത്ഥികൾക്ക് വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിച്ചത്.ആദ്യമായി രാകേഷും അവസാനം ശ്രീലക്ഷ്മിയുമാണ് മാസ് എവിക്ഷനിലൂടെ പുറത്തായത്. ഓരോരുത്തരും യാത്ര പറയുമ്പോൾ ഹൗസിലെ അന്തരീക്ഷം കൂടുതൽ ശൂന്യമായി. മത്സരാർത്ഥികളുടെ മുഖത്തും പെരുമാറ്റത്തിലും ആ സമ്മർദ്ദം വ്യക്തമായി പ്രകടമായിരുന്നു. എവിക്ഷനുശേഷമുള്ള അവരുടെ പെരുമാറ്റങ്ങളിലും ഈ മാനസിക സമ്മർദ്ദം കാണാം. വരാനിരിക്കുന്ന വൈൽഡ് കാർഡ് മത്സരാർത്ഥികളോട് പോലും ശത്രുത തോന്നുന്നതും അവർക്കായി ഭക്ഷണം മാറ്റിവെക്കേണ്ടതില്ലെന്ന ചിന്തയുമെല്ലാം ആ സാഹചര്യത്തിന്റെ പ്രതിഫലനമായി കാണാം.

ഇന്നലെവരെ പരിചിതമായിരുന്ന ഹൗസല്ല ഇപ്പോഴുള്ളതെന്ന തോന്നലാണ് പലരിലും. ഓരോരുത്തരും തങ്ങളുടെ സ്വഭാവത്തിനനുസരിച്ചാണ് ഈ പ്രതിസന്ധിയെ നേരിടുന്നത്. താഷി, നോബി, ആസിഫ് എന്നിവർ കൂടുതൽ അഗ്രസീവായി പ്രതികരിക്കുമ്പോൾ നേഹയും എൽദോയും കൂടുതൽ നിശബ്ദതയിലേക്ക് മാറുന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തെ ഏറ്റവും എളുപ്പം മറികടന്നത് ഷിജിനോ?
മാസ് എവിക്ഷൻ സൃഷ്ടിച്ച മാനസിക സമ്മർദ്ദത്തെ താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞ മത്സരാർത്ഥി ഷിജിനാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ഇതിന് പ്രധാന കാരണം ഹൗസിനുള്ളിൽ ഷിജിൻ സ്വീകരിച്ചിരുന്ന അകലം പാലിക്കുന്ന സമീപനമാണെന്നാണ് വിലയിരുത്തൽ. മറ്റ് പല മത്സരാർത്ഥികൾക്കും ഈ എവിക്ഷനിൽ തങ്ങളോട് മാനസികമായി അടുത്തിരുന്ന ഒരാളെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ ഇപ്പോഴും ആ നഷ്ടത്തിന്റെ ആഘാതത്തിൽ തുടരുകയാണ്. എന്നാൽ ഷിജിനെ സംബന്ധിച്ച് ഹൗസിനുള്ളിലെ ബന്ധങ്ങളേക്കാൾ ഗെയിമിന്റെ സ്വഭാവത്തിനാണ് കൂടുതൽ പ്രാധാന്യം. താൻ ഹൗസിൽ സ്വീകരിച്ചിരുന്ന ഒറ്റപ്പെടൽ മോഡ് തന്നെയാകാം ഈ സാഹചര്യത്തെ കൂടുതൽ എളുപ്പത്തിൽ നേരിടാൻ ഷിജിനെ സഹായിച്ചതെന്നും വിലയിരുത്താം.

പുതിയ വൈൽഡ് കാർഡ് മത്സരാർത്ഥികൾ എത്തുന്നതിലും ഷിജിന് വലിയ ആശങ്കയില്ല. അവർക്ക് ഭക്ഷണം മാറ്റിവെക്കുന്നത് നിലവിലുള്ള മത്സരാർത്ഥികളുടെ ഉത്തരവാദിത്വമാണെന്ന നിലപാടിലാണ് ഷിജിൻ. പുറത്തുപോയവരോടും അതിരുകടന്ന വൈകാരിക അടുപ്പം പ്രകടിപ്പിക്കാത്തത് കൊണ്ടുതന്നെ അവരുടെ പുറത്താകലിന്റെ ആഘാതവും മറ്റുള്ളവരെ അപേക്ഷിച്ച് ഷിജിനെ കുറച്ചേ ബാധിച്ചിട്ടുള്ളൂ.

ബിഗ് ബോസ് മനഃപൂർവം ഈ രീതിയിലുള്ള ഒരു മാസ് എവിക്ഷൻ ആസൂത്രണം ചെയ്തതിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്നത് വ്യക്തമല്ല. എന്നാൽ ഇതിലൂടെ ഹൗസിലെ നിലവിലുള്ള കൂട്ടുകെട്ടുകൾക്ക് വലിയ തിരിച്ചടിയുണ്ടായെന്നത് ഉറപ്പാണ്. ഒരുമിച്ച് നിന്നിരുന്ന പലരും പിരിഞ്ഞു. ചിലരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പുറത്തായി. ചിലരുടെ ഗെയിം പ്ലാനുകൾ തന്നെ താളം തെറ്റി. ഇനി എത്തുന്ന വൈൽഡ് കാർഡ് മത്സരാർത്ഥികൾ കൂടി ചേരുന്നതോടെ പഴയ ഗ്രൂപ്പുകളും സമവാക്യങ്ങളും അതേപടി തുടരണമെന്നില്ല.

അതുകൊണ്ടുതന്നെ ഈ മാസ് എവിക്ഷൻ വെറും എട്ട് പേരുടെ പുറത്താകലായി മാത്രം കാണാനാകില്ല. ഹൗസിന്റെ മുഴുവൻ ഗെയിം ഡൈനാമിക്സിനെയും പുനഃക്രമീകരിച്ച നിർണായക സംഭവമായി ഇതിനെ കാണാം. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ ഈ മാസ് എവിക്ഷൻ വരും ദിവസങ്ങളിലെ ഗെയിമിനെ എത്രത്തോളം മാറ്റിമറിക്കുമെന്ന് ഇനി കണ്ടറിയണം. പുതിയ വൈൽഡ് കാർഡുകളുടെ വരവോടെ ഹൗസിൽ പുതിയ കൂട്ടുകെട്ടുകൾ രൂപപ്പെടുമോ, പഴയ ഗ്രൂപ്പിസം തിരിച്ചുവരുമോ, അതോ ഷിജിനെപ്പോലുള്ള ഒറ്റയാൾ ഗെയിമർമാർക്ക് കൂടുതൽ നേട്ടമാകുമോ എന്നതാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.