തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ 100 കോടി കടന്ന് സൂരിയുടെ ‘മണ്ടാടി’; ആഗോള കളക്ഷൻ 150 കോടിയിലേക്ക്

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. സെപ്റ്റംബർ 10ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 100 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ ചിത്രം 150 കോടി രൂപയുടെ കളക്ഷനും സ്വന്തമാക്കിയിട്ടുണ്ട്.

സൂരിയുടെയും തെലുങ്ക് താരം സുഹാസിന്റെയും പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. സൂരിയെ ഇതുവരെ കാണാത്ത തരത്തിൽ കൂടുതൽ മാസ് ലുക്കിലും പ്രകടനത്തിലുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാകും ‘മണ്ടാടി’യുടെ ഒടിടി സ്ട്രീമിങ് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.

മലയാളി താരം മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഐമാക്സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്തിരുന്നു. ‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മണ്ടാടി’.കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഏകദേശം 100 കിലോമീറ്റർ നീളുന്ന തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായിക മത്സരത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്.

സെയിലിംഗ് ബോട്ട് മത്സരവുമായി ബന്ധപ്പെട്ട മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’. ഈ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ആക്ഷനും വൈകാരികതയും മാസ് ഘടകങ്ങളും ഒരുപോലെ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സൂരിക്കൊപ്പം സത്യരാജും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തെലുങ്ക് താരം സുഹാസാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എസ്.ആർ. കതിരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് ഇ. രാഘവാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിച്ച ചിത്രം തമിഴിലും തെലുങ്കിലുമായാണ് തിയേറ്ററുകളിലെത്തിയത്. കേരളത്തിൽ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം വിതരണം ചെയ്തത്.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിനൊപ്പം ബോക്‌സ് ഓഫീസിലും വൻ നേട്ടം സ്വന്തമാക്കുന്ന ‘മണ്ടാടി’, സൂരിയുടെ കരിയറിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി മാറുകയാണ്.