‘പിഷു പോയപ്പോൾ കിഷു വന്നു?’ പ്രചാരണങ്ങൾ തള്ളി ജോളി ജോസഫ്; മമ്മൂട്ടിയുമായുള്ള ബന്ധം വ്യക്തമാക്കി പ്രതികരണം

ദുബായ് മാളിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം നടൻ കൈലാഷ് ഷോപ്പിംഗിന് ഒപ്പം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഉയർന്ന പരിഹാസങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി നിർമ്മാതാവ് ജോളി ജോസഫ്. രമേശ് പിഷാരടിക്ക് പകരം മമ്മൂട്ടിയുടെ അടുത്ത ആളായി കൈലാഷ് കൂടിയെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

മമ്മൂട്ടിയും കൈലാഷും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും വർഷങ്ങളായി ഉള്ളതാണെന്നും, എട്ടോളം സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നും ജോളി ജോസഫ് ഓർമ്മിപ്പിച്ചു. ദുബായിൽ ഉള്ളപ്പോൾ മമ്മൂക്ക വിളിച്ചതനുസരിച്ചാണ് കൈലാഷ് ഓടിയെത്തിയതെന്നും ഒരുമിച്ചുള്ള നിമിഷങ്ങൾ ആസ്വദിച്ച ശേഷം ഷോപ്പിംഗിന് ഇറങ്ങിയതിനെയാണ് വലിയ വിവാദമാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ സുഹൃദ്‌വലയത്തിലേക്ക് ആരെങ്കിലും പകരക്കാരായി വരുന്നതിനെക്കുറിച്ചുള്ള വിവരമില്ലായ്മ കൊണ്ടാണ് ഇത്തരത്തിലുള്ള തലക്കെട്ടുകൾ വരുന്നതെന്ന് ജോളി ജോസഫ് കൂട്ടിച്ചേർത്തു. ആന്റോ ജോസഫ്, ജോർജ്ജ്, രമേശ് പിഷാരടി തുടങ്ങിയവരുടെ അടുത്ത വൃത്തങ്ങളിലേക്ക് പുതിയൊരാൾ എളുപ്പത്തിൽ കടന്നുവരില്ലെന്നും, കാര്യമറിയാതെ അപഹാസ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ചുരുങ്ങിയത് കോമൺസെൻസെങ്കിലും ഉപയോഗിക്കണമെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.