‘കുറ്റപ്പെടുത്തണമെങ്കിൽ എന്നെ പറയാം, ടീമിനെ വിടണം’; ‘ഐ ആം ഗെയിം’ പരാജയത്തിൽ തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

‘കുറ്റപ്പെടുത്തണമെങ്കിൽ എന്നെ പറയാം, ടീമിനെ വിടണം’; ‘ഐ ആം ഗെയിം’ പരാജയത്തിൽ തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം ‘ഐ ആം ഗെയിം’ (I’m Game) നേരിട്ട തിരിച്ചടിയിലും നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനെതിരെയുള്ള വിമർശനങ്ങളിലും പ്രതികരണവുമായി നടനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രേക്ഷക നിരീക്ഷണങ്ങൾക്ക് മറുപടി നൽകവെയാണ് ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി താരം വ്യക്തമാക്കിയത്.

നിർമ്മാണത്തിൽ സംഭവിച്ച വീഴ്ചകളാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന ആരാധകന്റെ എക്സ് (X) പോസ്റ്റിന് മറുപടിയായാണ് ദുൽഖർ എത്തിയത്. വിമർശനം തള്ളിക്കളയുന്നില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗവും ശരിയാണെന്ന് സമ്മതിക്കുന്നുവെന്നും ദുൽഖർ കുറിച്ചു. എന്നാൽ ഒരു സിനിമ പൂർത്തിയാകാൻ മുന്നൂറോളം ആളുകളുടെ അധ്വാനമുണ്ടെന്നും കൃത്യമായ ഫോർമുലയോ അക്കാദമിക് സിദ്ധാന്തങ്ങളോ പ്രയോഗിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നല്ല സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ബാഹ്യമായ ഘടകങ്ങൾ കാരണം മാറിമറിയാമെന്നും ലോകസിനിമയിൽ ഒരു നിർമ്മാണക്കമ്പനിയും മനപ്പൂർവ്വം മോശം സിനിമ നിർമ്മിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദുൽഖർ വ്യക്തമാക്കി. സ്വന്തം അണിയറപ്രവർത്തകർക്കൊപ്പം എപ്പോഴും ഉറച്ചുനിൽക്കുമെന്നും ഇതിൽ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും പറഞ്ഞ് ദുൽഖർ പോസ്റ്റ് അവസാനിപ്പിച്ചു. തോൽവിയിൽ ടീമിനെ പ്രതിരോധിക്കുന്ന ദുൽഖറിന്റെ ഈ നിലപാടിന് ആരാധകരിൽ നിന്നും വൻ കൈയടിയാണ് ലഭിക്കുന്നത്.