‘ഇത് പ്രേക്ഷകർ നൽകിയ വിജയം’; ‘അവറാച്ചൻ ആൻഡ് സൺസ്’ സക്സസ് മീറ്റിൽ ബിജു മേനോൻ

കുടുംബപ്രേക്ഷകരുടെ മികച്ച പിന്തുണയോടെ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ രണ്ടാം വാരത്തിലേക്ക്. ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച സക്സസ് മീറ്റിൽ നടൻ ബിജു മേനോൻ ഉൾപ്പെടെയുള്ള താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.

ചിത്രത്തിന്റെ വിജയത്തിന് കുടുംബപ്രേക്ഷകർ നൽകിയ പിന്തുണ നിർണായകമാണെന്ന് ബിജു മേനോൻ പറഞ്ഞു. സിനിമ ഏറ്റെടുത്ത ഓരോ പ്രേക്ഷകനോടും നന്ദിയറിയിച്ച താരം, ഈ വിജയം പ്രേക്ഷകർ സമ്മാനിച്ചതാണെന്നും വ്യക്തമാക്കി. ചടങ്ങിൽ വിനയ് ഫോർട്ട്, കോട്ടയം നസീർ, അഖില ഭാർഗവൻ, പാർവതി, സംവിധായകൻ തമ്പി, സംഗീത സംവിധായകൻ സനൽ ദേവ് എന്നിവരും പങ്കെടുത്തു.

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം പ്രവൃത്തിദിവസങ്ങളിലും മികച്ച പ്രതികരണമാണ് നേടുന്നത്. ഫാസ്റ്റ് ഫില്ലിങ് ഷോകളുമായി തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ബിജു മേനോനൊപ്പം ഉർവശി, ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും സനൽ ദേവ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സഹനിർമാണം ജസ്റ്റിൻ സ്റ്റീഫൻ. സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.